മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയെ മൂന്നാം അംപയര്‍ മനപ്പൂര്‍വം പുറത്താക്കിയതോ...ഹിറ്റ്‌മാന്‍റെ വിക്കറ്റ് വീണതിന് പിന്നാലെ വിവാദത്തിരി പുകയുകയാണ് ലോകകപ്പ് ചര്‍ച്ചാവേദികളില്‍. മുന്‍ താരങ്ങളും ആരാധകരും മൂന്നാം അംപയറുടെ തീരുമാനത്തിനെതിരെ ശക്തമായി രംഗത്തെത്തി. മൂന്നാം അംപയര്‍ക്കെതിരെ ഒരു കടന്നകൈ പ്രയോഗവും ആരാധകര്‍ നടത്തി. 

ഇന്ത്യ- വിന്‍ഡീസ് മത്സരത്തിലെ മൂന്നാം അംപയറായ മൈക്കല്‍ ഗഫിന്‍റെ വിക്കിപീഡിയ പേജ് ആരാധകര്‍ എഡിറ്റ് ചെയ്തു. രോഹിത് ശര്‍മ്മയുടെ വിവാദ ഔട്ടിന് പിന്നിലെ ബുദ്ധികേന്ദ്രം എന്ന തരത്തിലാണ് ഈ എഡിറ്റിംഗ്. ലോകകപ്പ് ഇംഗ്ലണ്ടിന് അനുകൂലമാക്കാനാണ് ഗഫിന്‍റെ നീക്കമെന്നും ആരാധകര്‍ ആരോപിക്കുന്നു.

'2019ല്‍ ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് മത്സരത്തില്‍ ഗഫായായിരുന്നു മൂന്നാം അംപയര്‍. രോഹിത് ശര്‍മ്മ നോട്ട് ഔട്ടാണെന്ന മൂന്നാം അംപയറുടെ തീരുമാനം വേണ്ടത്ര റീ പ്ലേകളും വ്യക്തമായ തെളിവുകളുമില്ലാതെ മാറ്റിയ ഗഫ് വിമര്‍ശനങ്ങള്‍ നേരിടുകയാണ്. ആതിഥേയരായ ഇംഗ്ലണ്ടിന് അനുകൂലമാണ് അംപയര്‍ എന്നാണ് സംശയിക്കപ്പെടുന്നത്. ശ്രീലങ്കയോടും ഓസ‌ട്രേലിയയോടും തോറ്റ ഇംഗ്ലണ്ടിനെ സെമിയില്‍ പ്രവേശിപ്പിക്കാനാണ് ഈ നീക്കമെന്നും' ഗഫിന്‍റെ വിക്കിപീഡിയ പേജില്‍ ആരാധകര്‍ എഡിറ്റ് ചെയ്തു ചേര്‍ത്തു.  

ഇന്ത്യന്‍ ഇന്നിംഗ്‌സിലെ ആറാം ഓവറില്‍ കെമര്‍ റോച്ചിന്‍റെ പന്തില്‍ ഷായ്‌ഹോപ് പിടിച്ചാണ് ഹിറ്റ്‌മാന്‍ പുറത്തായത്. എന്നാല്‍ വിന്‍ഡീസ് താരങ്ങള്‍ അപ്പീല്‍ ചെയ്‌തെങ്കിലും ഫീല്‍ഡ് അംപയര്‍ ഔട്ട് അനുവദിച്ചില്ല. ഇതോടെ വിന്‍ഡീസ് നായകന്‍ ജാസന്‍ ഹോള്‍ഡര്‍ ഡിആര്‍എസ് ആവശ്യപ്പെട്ടു. അള്‍ട്രാ എഡ്‌ജില്‍ പന്ത് ഉരസിയതായി തെളിഞ്ഞെങ്കിലും ബാറ്റിലാണോ പാഡിലാണോ എന്ന് വ്യക്തമായിരുന്നില്ല. എന്നാല്‍ ഡിആര്‍എസ് പരിശോധിച്ച മൈക്കല്‍ ഗഫ് വ്യക്തമായ തെളിവുകളില്ലാതെ ഔട്ട് വിധിക്കുകയായിരുന്നു.