Asianet News MalayalamAsianet News Malayalam

ഇന്ത്യക്ക് ഒരിക്കല്‍ കൂടി ഓറഞ്ച് ജേഴ്സി അണിയേണ്ടി വരുമോ? ആ സാധ്യതകള്‍

ലീഗ് റൗണ്ടില്‍ ഇന്ത്യയെ കീഴടക്കിയ ഏക ടീം എന്ന ആത്മവിശ്വാസത്തോടെയെത്തുന്ന ഇംഗ്ലണ്ടിനോട് കണക്ക് തീര്‍ക്കാന്‍ കോലിപ്പടയ്ക്ക് അവസരം ലഭിക്കും. അങ്ങനെ വരുമ്പോള്‍ ഐസിസി പുതിയതായി അവതരിപ്പിച്ച നിയമപ്രകാരം ഇന്ത്യക്ക് എവേ ജഴ്സി അണിയേണ്ടി വന്നേക്കും

Will India wear orange away jersey if semi against england
Author
London, First Published Jul 4, 2019, 10:33 PM IST

ലണ്ടന്‍: ലോകകപ്പിന്‍റെ ഏറ്റവും പുതിയ എഡിഷന്‍ അതിന്‍റെ പരിസമാപ്തിയിലേക്ക് കടക്കുകയാണ്. ഗ്രൂപ്പ് പോരാട്ടങ്ങള്‍ അവസാന ലാപ്പിലെത്തിനില്‍ക്കുമ്പോള്‍ ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകള്‍ സെമി പോരാട്ടത്തിനുള്ള ടിക്കറ്റ് ഉറപ്പിച്ചുകഴിഞ്ഞു. ആരാകും നാലാമന്‍ എന്നറിയാനുള്ള ആകാംക്ഷയിലാണ് കായികപ്രേമികള്‍. ന്യൂസിലന്‍ഡും പാക്കിസ്ഥാനുമാണ് സെമി ടിക്കറ്റിനായി പോരടിക്കുന്നത്. നേരിട്ടുള്ള പോരാട്ടമില്ലെന്നതാണ് രണ്ട് ടീമുകള്‍ക്കും ആശ്വാസം നല്‍കുന്ന പ്രധാന ഘടകം.

നിലവിലെ സാഹചര്യത്തില്‍ കിവികളാകും സെമിയിലേക്ക് പറന്നെത്തുകയെന്ന സാധ്യതയാണ് എങ്ങും നിറയുന്നത്. 1992ലെ പാക് അത്ഭുതം ആവര്‍ത്തിക്കാനുള്ള സാധ്യതകള്‍ തുലോം കുറവാണെന്ന് പറയാം. നിലവില്‍ നാലാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡിന്‍റെ നെറ്റ് റൺറേറ്റ് മികച്ചതാണെന്നതാണ് കാരണം.

ന്യൂസിലന്‍ഡിന് +0.175 റണ്‍റേറ്റുള്ളപ്പോള്‍ അഞ്ചാം സ്ഥാനക്കാരായ പാകിസ്ഥാന്‍റെ നെറ്റ് റൺറൈറ്റ് മൈനസ് -0.792ഉം ആണ്. പാകിസ്ഥാന് സെമിയിലെത്തണമെങ്കില്‍ നാളെ ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 316 റൺസിന്‍റെയെങ്കിലും ജയം നേടണം. അത്ഭുതങ്ങള്‍ക്ക് കാതോര്‍ക്കുന്നവര്‍ പോലും അങ്ങനെയൊരു സാധ്യത കല്‍പ്പിക്കുന്നുണ്ടാകില്ല.

സെമിയിലെ നാലാം ടീം ഏത് എന്നതിനൊപ്പം ഇന്ത്യന്‍ ആരാധകര്‍ക്കറിയേണ്ട മറ്റൊരു ചോദ്യം, ആരാകും ഇന്ത്യയുടെ സെമി എതിരാളികള്‍ എന്നതാണ്. ശനിയാഴ്‌ച വരെ കാത്തിരിക്കണം അതിന് ഉത്തരം കിട്ടാന്‍. ഇന്ത്യ- ശ്രീലങ്ക, ഓസ്ട്രേലിയ- ദക്ഷിണാഫ്രിക്ക മത്സരങ്ങളാകും സെമിലൈനപ്പ് തീരുമാനിക്കുക. ഓസ്ട്രേലിയ തോൽക്കുകയും ഇന്ത്യ ജയിക്കുകയും ചെയ്താൽ നീലപ്പട ഒന്നാം സ്ഥാനക്കാരാകും അങ്ങനെയങ്കില്‍ നാലാം സ്ഥാനക്കാരെയാകും ഇന്ത്യ സെമിയിൽ നേരിടുക. അങ്ങനയെങ്കില്‍ മിക്കവാറും ന്യൂസിലന്‍ഡാകും എതിരാളികള്‍.

ഓസ്ട്രേലിയന്‍ പ്രഭാവത്തിന് മുന്നില്‍ ദക്ഷിണാഫ്രിക്ക നിഷ്പ്രഭമായാല്‍ ഇന്ത്യ രണ്ടാം സ്ഥാനക്കാരാകും. നിലവിലെ ഫോമില്‍ ഒന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയയെ പരാജയപ്പെടുത്താന്‍ ആഫ്രിക്കന്‍ ശക്തികള്‍ക്ക് സാധിക്കില്ലെന്നാണ് വിലയിരുത്തലുകള്‍. അങ്ങനയെങ്കില്‍ ആതിഥേയരായ ഇംഗ്ലണ്ടാകും സെമിയിൽ എതിരാളികള്‍.

ലീഗ് റൗണ്ടില്‍ ഇന്ത്യയെ കീഴടക്കിയ ഏക ടീം എന്ന ആത്മവിശ്വാസത്തോടെയെത്തുന്ന ഇംഗ്ലണ്ടിനോട് കണക്ക് തീര്‍ക്കാന്‍ കോലിപ്പടയ്ക്ക് അവസരം ലഭിക്കും. അങ്ങനെ വരുമ്പോള്‍ ഐസിസി പുതിയതായി അവതരിപ്പിച്ച നിയമപ്രകാരം ഇന്ത്യക്ക് എവേ ജഴ്സി അണിയേണ്ടി വന്നേക്കും.

ഒരേ നിറമുള്ള ജേഴ്സി അണിയുന്ന ടീമുകള്‍ തമ്മിലുള്ള മത്സരങ്ങള്‍ വരുമ്പോള്‍ ഹോം-എവേ എന്നിങ്ങനെ ഫുട്ബോളിലെ രീതി ഐസിസി ക്രിക്കറ്റില്‍ പരീക്ഷിക്കുകയായിരുന്നു. ഹോം ടീം എന്ന നിലയില്‍ ഇംഗ്ലണ്ടിന് നീല ജേഴ്സിയും ഇന്ത്യക്ക് ഓറഞ്ച് ജേഴ്സിയും അങ്ങനെയാണ് വന്നത്. ഇപ്പോള്‍ സെമിയിലും ഇന്ത്യ-ഇംഗ്ലണ്ട് മത്സരം വന്നാല്‍ ആ രീതി തുടരാനാണ് സാധ്യത. സെമിയില്‍ എന്തെങ്കിലും മാറ്റം വരുമോയെന്ന കാര്യത്തില്‍ പുതിയ അറിയിപ്പുകള്‍ ഒന്നും വന്നിട്ടുമില്ല.

ലോകകപ്പിലെ നിബന്ധന അനുസരിച്ച് പോയിന്‍റ് ടേബിളില്‍ രണ്ടാം സ്ഥാനത്ത് വരുന്ന ടീമിനെ ഹോം ടീമായാണ് പരിഗണിക്കുന്നത്. പക്ഷേ, ഇംഗ്ലണ്ടിന് നിലവില്‍ എവേ ജേഴ്സി ഇല്ലാത്തതിനാല്‍ ഇന്ത്യയുമായി മത്സരം വന്നാല്‍ എന്താകും ഐസിസിയുടെ തീരുമാനമെന്ന് കണ്ടറിയണം. 

Follow Us:
Download App:
  • android
  • ios