ലണ്ടന്‍: ലോകകപ്പിൽ ഓസ്ട്രേലിയ ഇന്ന് ബംഗ്ലാദേശിനെ നേരിടും. വൈകിട്ട് മൂന്ന് മുതൽ നോട്ടിംഗ്ഹാമിലാണ് മത്സരം. ഇന്ന് ജയിച്ചാൽ ഓസ്ട്രേലിയ പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തും. കണക്കിലും കരുത്തിലും ഓസ്ട്രേലിയയാണ് മുന്നിൽ. ദക്ഷിണാഫ്രിക്കയെയും വിൻഡീസിനെയും തോൽപിച്ചെത്തുന്ന ബംഗ്ലാദേശിനെ നിലവിലെ ചാമ്പ്യൻമാർക്ക് നിസാരക്കാരായി കരുതാനാവില്ല.

ഷാകിബ് അൽ ഹസ്സന്‍റെ ഓൾറൗണ്ട് മികവ് തന്നെയാവും ഓസ്ട്രേലിയക്ക് വെല്ലുവിളിയാവുക. തമിം ഇക്ബാൽ, സൗമ്യ സർക്കാർ, ലിറ്റൺ ദാസ് എന്നിവരുടെ ബാറ്റിംഗും നിർണായമാവും. മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ് എന്നിവരുടെ ബൗൺസുള്ള പന്തുകളിലൂടെ ബംഗ്ലാ കടുവകളെ പിടിച്ചു കെട്ടാനാവുമെന്നാണ് ആരോൺ ഫിഞ്ചിന്‍റെ പ്രതീക്ഷ. മാർക്കസ് സ്റ്റോയിനിസ് പരിക്ക് മാറിയെത്തുന്നതും ഓസീസിന് കരുത്താവും.

വാർണറും ഫിഞ്ചും ഖവാജയും മാക്സ്‍വെല്ലും ഉൾപ്പെടുന്ന ബാറ്റിംഗ് നിരയെ വീഴ്ത്തുക എളുപ്പമല്ലെങ്കിലും അസാധ്യമല്ലെന്നാണ്  ബംഗ്ലാ നായകൻ മൊർതാസ പറയുന്നത്. ലോകകപ്പിൽ ഇരുടീമും ഏറ്റുമുട്ടിയ രണ്ടുതവണയും ജയം ഓസീസിനൊപ്പമെന്നതാണ് ചരിത്രം. ഇക്കുറി അത് സാധിക്കുമോയെന്ന് കണ്ടറിയേണ്ടി വരും.