ലോര്‍ഡ്‌സ്: ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തിനിടെ കോട്ട്‌വായ് ഇട്ട പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദ് ഒട്ടേറെ പഴികേട്ടിരുന്നു. സര്‍ഫ്രാസിനെ പരിഹസിച്ച് ഒട്ടേറെ ട്രോളുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ദിവസങ്ങള്‍ക്ക് ശേഷം സംഭവത്തില്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പാക് നായകന്‍. 

'കോട്ടുവായ് അസാധാരണ സംഭവമൊന്നുമല്ല. താന്‍ കുറ്റമൊന്നും ചെയ്‌തിട്ടില്ല. തന്‍റെ കോട്ടുവായ് കൊണ്ട് ആളുകള്‍ പണമുണ്ടാക്കുന്നുണ്ടെങ്കില്‍ സന്തോഷമേയൂള്ളൂ. മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും തന്‍റെ നിയന്ത്രണത്തിലല്ല. ഭീമന്‍മാരായ അവയെ നിലയ്‌ക്കുനിര്‍ത്താനുമാവില്ല. ആര്‍ക്കും എന്തും സമൂഹമാധ്യമങ്ങളില്‍ എഴുതാം. എന്നാല്‍ അവ താരങ്ങളെ മാനസികമായി തളര്‍ത്തുന്നുണ്ടെന്നും' സര്‍ഫ്രാസ് ലോര്‍ഡ്‌സില്‍ മാധ്യമങ്ങളോട് പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. 

മാഞ്ചസ്റ്ററില്‍ ഇന്ത്യയുടെ ഇന്നിം‌ഗ്‌സിനിടെ മത്സരം മഴ തടസപ്പെടുത്തിയിരുന്നു. പിന്നീട് വീണ്ടും കളി ആരംഭിച്ചപ്പോഴാണ് സര്‍ഫ്രാസ് കോട്ടുവായോടെ വിക്കറ്റിന് പിന്നില്‍ നിന്നത്. അങ്ങനെ ചെയ്തുകൊണ്ട് ഫീല്‍ഡിങ് നിയന്ത്രിക്കുന്നുമുണ്ടായിരുന്നു പാക് ക്യാപ്റ്റന്‍. ഇതിന്‍റെ ചിത്രമാണ് ട്രോളര്‍മാര്‍ ആഘോഷമാക്കിയത്.