ലണ്ടന്‍: ലോകകപ്പില്‍ ഇംഗ്ലണ്ടിലെങ്കിലും ലോകകപ്പുമായി ബന്ധപ്പെട്ട തമാശകള്‍ക്കെല്ലാം ഇടമാവുന്നത് സോഷ്യല്‍ മീഡിയയാണ്. ട്വിറ്റര്‍ തന്നെയാണ് ഇത്തരം തമാശകളുടെയെല്ലാം ഒരു പ്രധാനവേദി. മുംബൈ ഇന്ത്യന്‍സും അവരുടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തമ്മിലുള്ള സംഭാഷണമാണ് ഇപ്പോഴത്തെ സംസാരവിഷയം. 

ലോകകപ്പില്‍ രോഹിത്തിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ക്രെഡിറ്റ് മകള്‍ സമൈറയ്‌ക്കെന്ന് മുംബൈ ഇന്ത്യന്‍സ് ട്വീറ്റ് ചെയ്തു. വൈകാതെ രോഹിത്തിന്റെ മറുപടിയെത്തി. ഈ ട്വീറ്റെന്നെ കുഴപ്പത്തിലാക്കുന്നു. വിലപ്പെട്ട മറ്റൊരാളെ പരാമര്‍ശിക്കാന്‍ നിങ്ങള്‍ മറുന്നപോയെന്നാണ് പരിഭവം. 

രോഹിത് റണ്ണടിച്ച് കൂട്ടുംപോലെ കമന്റുകള്‍ ഒഴുകിയെത്തി. ഭാര്യ റിതികയെ ആണോ രോഹിത് ഉദ്ദേശിച്ചതെന്ന് ചോദ്യമെത്തി. എന്നാല്‍ മറുപടിയൊന്നും രോഹിത്തില്‍ നിന്ന് ലഭിച്ചില്ല. അവസാനം, റിതികയല്ലാതെ മറ്റാരുമല്ല രോഹിത്തിന്റെ വിലപ്പെട്ട മറ്റൊരാള്‍ എന്ന നിഗമനത്തിലെത്തി ആരാധകര്‍. വിവാഹ വര്‍ഷികത്തിന് ഇരട്ട സെഞ്ച്വറിയടിച്ച് വിവാഹ മോതിരത്തില്‍ ചുംബിച്ച്, ഭാര്യയെ അഭിവാദ്യം ചെയ്ത ആളാണ് രോഹിത്തെന്നുള്ള കാര്യം പോലും മുംബൈ മറന്നുപോയെന്ന് ആരാധകര്‍ പറയുന്നു.