2003 മുതൽ മന്ത്രിയുടെ വീട്ടിൽ നിന്ന് ഉറ്റ ബന്ധു അടിച്ച് മാറ്റിയത് 1.3 കിലോഗ്രാം സ്വർണം. മന്ത്രിയുടെ അമ്മയുടെ വീട്ടിൽ നിന്നാണ് സ്വർണം കാണാതായത്.

ബെംഗളൂരു: ബിസിനസ് തകർന്നു. കരകയറാനായി ഉറ്റ ബന്ധുവായ മന്ത്രിയുടെ വീട്ടിൽ തന്നെ മോഷണം. 2003 മുതൽ മന്ത്രിയുടെ വീട്ടിൽ നിന്ന് ഉറ്റ ബന്ധു അടിച്ച് മാറ്റിയത് 1.3 കിലോഗ്രാം സ്വർണം. കർണാടകയിലെ ഭവന ന്യൂനപക്ഷ വികസന മന്ത്രിയായ സമീർ അഹമ്മദ് ഖാനും കുടുംബവുമാണ് അടുത്ത ബന്ധു പലപ്പോഴായി നടത്തിയ മോഷണത്തിൽ അമ്പരന്ന് നിൽക്കുന്നത്. 1.13 കോടി രൂപ വിലവരുന്ന 1300ഗ്രാം സ്വർണമാണ് മന്ത്രിയുടെ അടുത്ത ബന്ധു കവർന്നത്. മന്ത്രിയുടെ അമ്മയുടെ വീട്ടിൽ നിന്നാണ് സ്വർണം കാണാതായത്. ശിവാജി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്റ്റേഷൻ റോഡിലാണ് മന്ത്രിയുടെ അമ്മയുടെ വീട്. അമ്മയുടെ വീട്ടിലെ സ്ഥിരം സന്ദർശകനും സഹായിയുമായ ഉറ്റ ബന്ധുവാണ് മോഷണത്തിന് പിന്നിൽ 759 ഗ്രാം സ്വർണം മാത്രമാണ് നിലവിൽ പൊലീസിന് കണ്ടെത്താനായിട്ടുള്ളത്.

Add Asianetnews as a Preferred SourcegooglePreferred

സംഭവത്തിൽ ശിവാജിനഗർ പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.മന്ത്രിയുടെ അമ്മയുടെ അടുത്ത ബന്ധുവായ സയ്യിദ് അമീർ, ഇയാളുടെ ബിസിനസ് പങ്കാളിയായ അമിർ അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. സയ്യിദ് അമീർ സ്ഥിരമായി മന്ത്രിയുടെ വീട്ടിൽ വന്ന് പോകുന്ന കുടുംബത്തിലെ ഒരംഗത്തെ പോലെ കഴിഞ്ഞിരുന്ന ആളായിരുന്നു. പ്രതികൾക്ക് ഒരു ട്രാവൽ ബിസിനസ് ഉണ്ടായിരുന്നു. എന്നാൽ കൊവിഡ് കാലത്ത് ഈ ബിസിനസ് വൻ നഷ്ടത്തിലായി. കടം കയറി മുടിഞ്ഞ ഇവർക്ക് വേറെ എവിടെ നിന്നും പണം കണ്ടെത്താനായില്ല. ഒടുവിലാണ് ബന്ധുവായ മന്ത്രിയുടെ വീട്ടിൽ മോഷണം നടത്താൻ തീരുമാനിച്ചത്. മോഷ്ടിക്കുന്ന സ്വർണം പണയം വെച്ച് കിട്ടുന്ന പണം റിയൽ എസ്റ്റേറ്റിൽ നിക്ഷേപിച്ച് ലാഭമുണ്ടാക്കി കടം വീട്ടാമെന്നായിരുന്നു ഇവരുടെ പദ്ധതി. മന്ത്രിയുടെ അമ്മയുടെ വിശ്വാസം മുതലെടുത്ത് 'നല്ലപിള്ള' ചമഞ്ഞായിരുന്നു മോഷണം. ബന്ധുവായതുകൊണ്ട് തന്നെ സയ്യിദ് അമീർ മന്ത്രിയുടെ അമ്മയുടെ വീട്ടിൽ സ്ഥിരം സന്ദർശകനായിരുന്നു. വീട്ടുകാരുടെ വിശ്വാസം മുതലെടുത്തായിരുന്നു മോഷണം.

2023 മുതൽ പലപ്പോഴായി ചെറിയ അളവിൽ സ്വർണാഭരണങ്ങൾ അടിച്ചുമാറ്റാൻ തുടങ്ങി. ഇങ്ങനെയാണ് ഇവർ മൊത്തം 1.3 കിലോ സ്വർണം കവർന്നത്. മോഷണവിവരം വീട്ടുകാർ അറിഞ്ഞുതുടങ്ങിയതോടെ സയ്യിദ് അമീറിന്റെ സ്വഭാവത്തിൽ മാറ്റം വന്നു. ദിവസവും വീട്ടിൽ വന്നിരുന്നയാൾ പെട്ടെന്ന് മന്ത്രിയുടെ അമ്മയെ കാണാനെത്തുന്നത് നിർത്തി.വീട്ടുകാർ ഫോൺ വിളിച്ചാൽ എടുക്കാതെയായി. ഒടുവിൽ ഫോൺ സ്വിച്ച് ഓഫ് ആയതോടെ പൊലീസിന് ഇയാളെ സംശയമായി. തുടർന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്.ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം