സ്ഫോടക വസ്തു ഉണ്ടാക്കുന്നത് മുതൽ എല്ലാം ഭാഗവും വീഡിയോയിൽ ചിത്രീകരിച്ച് റീൽ ആക്കി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ് വിദ്യാര്‍ത്ഥിയും സുഹൃത്തുക്കളും ചെയ്തത്
എടക്കാട്: ഉഗ്രശേഷിയുള്ള ഏറ് പടക്കമുണ്ടാക്കി സ്ഫോടനം നടത്തുകയും അതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത വിദ്യാർത്ഥി കണ്ണൂരിൽ അറസ്റ്റിൽ. 19കാരനെയാണ് എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. സ്ഫോടക വസ്തു അശ്രദ്ധയോടെ കൈകാര്യം ചെയ്തതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. സംഘത്തിലുള്ള മറ്റ് മൂന്ന് പേരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.
മുഴപ്പിലങ്ങാട് കോരൻ പീടികയ്ക്കടുത്ത് വിവേകാനന്ദ നഗറിൽ ഇക്കഴിഞ്ഞ 24 ന് നടത്തിയ സ്ഫോടനത്തിന്‍റെ ദൃശ്യമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. സ്ഫോടക വസ്തു ഉണ്ടാക്കുന്നത് മുതൽ എല്ലാം ഭാഗവും വീഡിയോയിൽ ചിത്രീകരിച്ച് റീൽ ആക്കി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ് വിദ്യാര്‍ത്ഥിയും സുഹൃത്തുക്കളും ചെയ്തത്. റീല്‍സിന് വേണ്ടിയുള്ള ഉഗ്ര സ്ഫോടനം നടക്കുമ്പോള്‍ റോഡിലൂടെ ഇരുചക്ര വാഹനം കടന്ന് പോകുന്നുണ്ട്. ഈ വാഹനം അപകടത്തില്‍ നിന്ന് ഒഴിവായത് ഭാഗ്യം കൊണ്ട് മാത്രമാണ്. ജനവാസ മേഖലയിലായിരുന്നു വിദ്യാര്‍ത്ഥികളുടെ ഏറുപടക്ക പരീക്ഷണം എന്നതും ശ്രദ്ധേയമാണ്.
സമൂഹമാധ്യമങ്ങളില്‍ വൈറലായ ദൃശ്യം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടതോടെയാണ് എടക്കാട് പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തിയത്. തുടർന്നാണ് 19 കാരനായ വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാളോടൊപ്പം ഉണ്ടായിരുന്ന മറ്റ് മൂന്ന് വിദ്യാർത്ഥികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ഇവരെ കസ്റ്റഡിയിലെടുക്കാനായിട്ടില്ല. ബോംബ് നിർമ്മാണത്തിലടക്കം വിദ്യാർത്ഥികൾക്ക് പരിശീലനം ലഭിച്ചിട്ടുണ്ടോ എന്നതടക്കമുള്ള വിഷയങ്ങളില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് എടക്കാട് പൊലീസ് വ്യക്തമാക്കി

