ഡോക്ടറുടെ കുറിപ്പടിയോടെ മാത്രം കിട്ടുന്ന ടിഡോൾ എന്ന ഗുളിക കൊറിയർ വഴിയാണ് പ്രതികൾ കടത്തിയിരുന്നത്. 

കൊല്ലം : ആശ്രാമത്ത് പാഴ്സൽ വഴി മുംബൈയിൽ നിന്നും എത്തിച്ച രണ്ടായിരം ലഹരി ഗുളികകൾ എക്സൈസ് പിടികൂടി. സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. മയ്യനാട് സ്വദേശി അനന്തു, മുണ്ടക്കൽ സ്വദേശി അലക്സ് എന്നിവരാണ് പിടിയിലായത്. മുംബൈയിൽ നേരത്തെ ജോലി ചെയ്തിരുന്ന അനന്തു അവിടുത്തെ മെഡിക്കൽ സ്റ്റോര്‍ ഉടമയുമായി ബന്ധം സ്ഥാപിച്ചാണ് ലഹരി ഗുളികകൾ കൊല്ലത്തേക്ക് എത്തിച്ചത്. ഡോക്ടറുടെ കുറിപ്പടിയോടെ മാത്രം കിട്ടുന്ന ടിഡോൾ എന്ന ഗുളിക കൊറിയർ വഴിയാണ് പ്രതികൾ കടത്തിയിരുന്നത്. മാനസിക രോഗികൾക്ക് നൽകുന്ന ഗുളികകളാണ് ഇത്.

ഒരു ഗുളികക്ക് 35 രൂപ കൊടുത്താണ് ഇവർ വാങ്ങിയിരുന്നത്. എന്നാൽ 200 രൂപക്കാണ് കേരളത്തിൽ വിൽപ്പന നടത്തിയത്. പണമിടപാട് മുഴുവൻ ഗൂഗിൾ പേ വഴിയായിരുന്നു. നിരവധി സ്കൂൾ, കോളേജ് വിദ്യാര്‍ഥികളെ കെണിയിലാക്കിയായിരുന്നു പ്രതികളുടെ കച്ചവടം. ഗുളിക വിൽപ്പനയ്ക്കായി കൊല്ലം നഗരത്തിൽ തന്നെ ആഡംബര വീട് വാടകയ്ക്ക് എടുത്തിരുന്നു. ഡ്രഗ്സ് കണ്‍ട്രോൾ ബോര്‍ഡുമായി ചേര്‍ന്ന് തുടർ നടപടികൾ സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. 

യുജിസി മാനദണ്ഡ ലംഘനം: സംസ്ഥാനത്തെ 5 യൂണിവേഴ്സിറ്റി വിസിമാരുടെ നിയമനത്തിൽ ഗവർണറുടെ തീരുമാനം ഉടൻ

അതേ സമയം, തൃശ്ശൂരിൽ എംഡിഎംഎ സംഘത്തിന്‍റെ ഇടപാടുകാരായ വിദ്യാർത്ഥികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം ശ്രമം തുടങ്ങി. എംഡിഎം കേസിൽ പിടിയിലായ പ്രതികളുടെ കയ്യിൽ നിന്നും കിട്ടിയ പുസ്തകത്തിൽ ആകെ ഉണ്ടായിരുന്നത് 925 പേരുകളാണ്. ഇതിൽ പലതും ആവർത്തിച്ചുള്ളവയാണ്. വിശദ പരിശോധനയിലാണ് 150 പേരുകൾ തിരിച്ചറിഞ്ഞത്. ഇതിൽ അഞ്ച് പെണ്‍കുട്ടികളും ഉൾപ്പെടുന്നു. ഭൂരിഭാഗം പേരും പതിനേഴിനും ഇരുപത്തി അഞ്ചിനും ഇടയിൽ പ്രായമുള്ളവരാണ്. മുതിർന്നവരുടെ പേരും പറ്റ് പുസ്തകത്തിലുണ്ട്. തൃശ്ശൂർ നഗരത്തിൽ നിന്നുള്ളവരാണ് കൂടുതൽ പേരും. ഇതിൽ കുട്ടികളെ കണ്ടെത്തി ബോധവൽക്കരിക്കാനുള്ള ശ്രമമാണ് എക്സൈസ് ആദ്യഘട്ടത്തിൽ തുടങ്ങിയത്. 

ഇടപാട് നടത്തിയ പ്രതിയുടെ ഫോണിലെ വിവരങ്ങളും സൂക്ഷമമായി പരിശോധിക്കേണ്ടതുണ്ട്. ഗൂഗിൾ പേ വഴിയാണ് ഇടപാടുകൾ മിക്കതും നടന്നിട്ടുള്ളത്. ഇതുവഴി മയക്കുമരുന്നിന് അടിമപ്പെട്ട വിദ്യാർത്ഥികളെ പെട്ടെന്ന് കണ്ടെത്താൻ സാധിക്കുമെന്നാണ് കരുതുന്നത്. കേസിലെ മുഖ്യപ്രതി ഒല്ലൂർ സ്വദേശി അരുണിനെ കസ്റ്റഡിയിൽ കിട്ടാൻ ചൊവ്വാഴ്ച കോടതിയിൽ അപേക്ഷ നൽകും. ഇയാളാണ് വിദ്യാർത്ഥികളുമായി കൂടുതൽ ഇടപാട് നടത്തിയിരുന്നത്. നഗര മേഖലയ്ക്ക് പുറമെ തീരദേശ മേഖലയിലും ഇയാൾ വൻതോതിൽ ലഹരി വിൽപന നടത്തിയിരുന്നതായി എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക ചോദ്യം ചെയ്യലിൽ ബാംഗ്ലൂരിൽ നിന്നാണ് എംഡിഎംഎ എത്തിച്ചതെന്ന് പ്രതികൾ സമ്മതിച്ചിരുന്നു. കേസിന്‍റെ ഗൗരവം കണക്കിലെടുത്താണ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്.