ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിവരുന്ന കുടുംബാംഗങ്ങള്‍ എന്ന വ്യാജേനയാണ്   വിശാഖപട്ടണത്ത് നിന്ന് പ്രതികള്‍ കാറില്‍ കഞ്ചാവ് കടത്തിയത്.

കൊല്ലം: പിഞ്ച് കുഞ്ഞിനെ മറയാക്കി സംസ്ഥാനത്തേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച സംഘം കൊല്ലത്ത് പിടിയില്‍. 25 കിലോ കഞ്ചാവുമായി ദമ്പതികള്‍ ഉൾപ്പെടെ നാല് പേരാണ് അറസ്റ്റിലായത്. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിവരുന്ന കുടുംബാംഗങ്ങള്‍ എന്ന വ്യാജേനയാണ് വിശാഖപട്ടണത്ത് നിന്ന് പ്രതികള്‍ കാറില്‍ കഞ്ചാവ് കടത്തിയത്.

വിശാഖപട്ടണത്ത് നിന്ന് കൊല്ലത്തേക്കാണ് കാറിൽ ദമ്പതികൾ കഞ്ചാവ് കൊണ്ടുവന്നത്. രണ്ട് വയസുള്ള കുഞ്ഞിനെയും ഒപ്പം കൂട്ടിയായിരുന്നു കഞ്ചാവ് കടത്ത്. ദേശീയപാതയിൽ നീണ്ടകരയിലെ പെട്രോൾ പമ്പിൽ വച്ച് പുലർച്ചെയാണ് കാർ പൊലീസ് തടഞ്ഞത്. കാറിനുള്ളിൽ വാതിലിന്റെ വശങ്ങളിലായിരുന്നു കഞ്ചാവ് പൊതികൾ സൂക്ഷിച്ചത്. 20 പൊതികളിലായി 25 കിലോ കഞ്ചാവ് ഉണ്ടായിരുന്നു. സ്ത്രീയും കുഞ്ഞും ഉള്ളതിനാൽ പുറമെ നിന്ന് നോക്കിയാൽ സംശയം തോന്നാത്ത രീതിയിലായിരുന്നു കഞ്ചാവ് കടത്തെന്ന് പൊലീസ് പറയുന്നു. കാറിനുള്ളിൽ ഉണ്ടായിരുന്ന ചിറയന്‍കീഴ് സ്വദേശി വിഷ്ണു, ഭാര്യ സൂര്യ, പെരിനാട് സ്വദേശി അഭയ് സാബു എന്നിവരാണ് അറസ്റ്റിലായത്.

തിരുപ്പതി ക്ഷേത്രദര്‍ശനം കഴിഞ്ഞ മടങ്ങി വരുന്നുവെന്നാണ് പോലീസിന്റെ ആദ്യചോദ്യം ചെയ്യലില്‍ പ്രതികള്‍ പറഞ്ഞത്.കൊല്ലം ശാസ്ത്രീ ജംഗ്ഷനിൽ താമസിക്കുന്ന ഉണ്ണിക്കൃഷ്ണന് വേണ്ടിയാണ് ദമ്പതികൾ കഞ്ചാവ് കൊണ്ടുവന്നതെന്ന് സ്ഥിരീകരിച്ചു. തുടർന്ന് ഉണ്ണികൃഷ്ണനെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളുടെ സാമ്പത്തിക സ്ഥിതിയും മറ്റും പൊലീസ് വിശദമായി അന്വേഷിക്കുകയാണ്. ചവറ പൊലീസിന് പുറമേ സിറ്റി പൊലീസ് കമ്മിഷണറുടെ ഡാൻസാഫ് സ്ക്വാഡും കഞ്ചാവ് കടത്ത് പിടികൂടാൻ ഉണ്ടായിരുന്നു.

ട്രെയിനിൽ ലഹരിക്കടത്ത്, ചേർത്തലയിൽ രണ്ട് യുവാക്കൾ പിടിയിൽ

ചേർത്തല റെയിൽവേ സ്റ്റേഷൻ പരിസരത്ത് 39 ഗ്രാം എംഡിഎംഎയുമായി (MDMA) രണ്ട് യുവാക്കൾ പിടിയിൽ. അരൂർ ചന്തിരൂർ സ്വദേശി ഫെലിക്സ്, അരൂക്കുറ്റി സ്വദേശി ബെസ്റ്റിൻ എന്നിവരാണ് എക്സൈസിന്റെ പിടിലായത്. ബെംഗളുരു - കൊച്ചുവേളി എക്സ്പ്രസ് ട്രെയിനിൽ കടത്തിക്കൊണ്ടു വന്നതാണ് ലഹരിമരുന്നെന്നാണ് വിവരം. കഴിഞ്ഞ ദിവസം എറണാകുളത്തും സമാനമായ രീതിയിൽ ലഹരിക്കടത്ത് നടത്തിയ രണ്ട് പേരെ പിടികൂടിയിരുന്നു. ബാംഗ്ലൂരിൽ നിന്നും ലഹരി മരുന്നുകൾ കേരളത്തിലെത്തിച്ച് വിൽപ്പന നടത്തുന്ന സംഘത്തിലെ രണ്ട് യുവാക്കളാണ് എറണാകുളത്ത് അറസ്റ്റിലായത്. 

കോഴിക്കോട് രണ്ട് കിലോഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ 

 കോഴിക്കോട് നഗരത്തിലെ വിവിധയിടങ്ങളില്‍ ചെറുകിട വില്പനക്കായി എത്തിച്ച രണ്ട് കിലോഗ്രാം കഞ്ചാവുമായി ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. തിരൂർ, പറവണ്ണ, മന്നിങ്ങാന്‍റെ ഹൌസ്, അബ്ദുൽ നാസർ എന്നാളെയാണ് കൊടുവള്ളി ബസ്സ്റ്റാൻഡിൽ വെച്ച് പിടികൂടിയത്. റൂറൽ എസ് പി. ഡോ. എ. ശ്രീനിവാസിന്‍റെ നിർദേശപ്രകാരമാണ് പ്രത്യേക അന്വേഷണ സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. വയനാട്ടിൽ നിന്നും കഞ്ചാവ് സംഘടിപ്പിച്ച് കോഴിക്കോട്, മലപ്പുറം, പൊന്നാനി എന്നിവിടങ്ങളിലെ ചെറുകിടക്കാർക്ക് വില്പന നടത്താനായി കൊണ്ട് പോകുമ്പോഴാണ് അബ്ദുല്‍ നാസര്‍ പിടിയിലായത്. 

 നേരത്തേ മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട് ജയിലിൽ കഴിഞ്ഞിട്ടുള്ള നാസര്‍ ജയിലിൽ നിന്നും പരിചയപ്പെട്ട സംഘങ്ങൾ നൽകിയ നിർദേശപ്രകാരമാണ് കഞ്ചാവ് വില്പന നടത്തുന്നത്. വയനാട്ടിലെയും, കാസർഗോഡിലെയും മൊത്തകച്ചവടക്കാരിൽ നിന്ന് കിലോക്ക് 15,000 രൂപയ്ക്കു വാങ്ങി 500 രൂപയുടെ പൊതികളാക്കി വില്പന നടത്തുന്നതാണ് ഇയാളുടെ രീതി. കഴിഞ്ഞ രണ്ട് മാസങ്ങളിലായി 80 കിലോയോളം കഞ്ചാവും, മാരക ലഹരി മരുന്നുകളായ എം.ഡി.എം.എ, എൽ.എസ്.ഡി സ്റ്റാമ്പുകൾ, ഹാഷിഷ് ഓയിൽ എന്നിവയും റൂറൽ എസ് പിയുടെ സംഘം പിടികൂടിയിട്ടുണ്ട്.