സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് സംഭവം പെൺകുട്ടി അധികൃതരോട് പറഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ വണ്ടിപ്പെരിയാർ പൊലിസിൽ വിവരമറിയിക്കുകയായിരുന്നു.
ഇടുക്കി വണ്ടിപ്പെരിയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 67കാരനെ അറസ്റ്റ് ചെയ്തു. തങ്കമല എസ്റ്റേറ്റിൽ ബോബൻ എന്ന് വിളിക്കുന്ന ജോൺ ആണ് പിടിയിലായത്. സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് സംഭവം പെൺകുട്ടി അധികൃതരോട് പറഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ വണ്ടിപ്പെരിയാർ പൊലിസിൽ വിവരമറിയിക്കുകയായിരുന്നു. മുണ്ടക്കയത്ത് വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജോണിനെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സമാനമായ മറ്റൊരു സംഭവത്തില്‍ എറണാകുളം തൃപ്പൂണിത്തുറയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയ അധ്യാപകൻ അറസ്റ്റിലായി. പട്ടിമറ്റം സ്വദേശി കിരൺ ആണ് ഹിൽപാലസ് പൊലീസിന്റെ പിടിയിലായത്. കുട്ടിക്കെതിരായ അതിക്രമം മറച്ചുവച്ചതിന് മൂന്ന് അധ്യാപകർക്കെതിരെയും കേസെടുത്തു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. പൊന്നുരുന്നിയിൽ കലോത്സവത്തിൽ പങ്കെടുക്കാൻ അധ്യാപകനൊപ്പം ഇരു ചക്രവാഹനത്തിലാണ് കുട്ടി പോയത്.
രാത്രി തിരിച്ചുവരുന്നതിനിടെയാണ് അധ്യാപകന്റെ ഭാഗത്ത് നിന്ന് ലൈംഗികാതിക്രമമുണ്ടായത്. ലൈംഗികച്ചുവയോട് കൂടി സംസാരിച്ച അധ്യാപകൻ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു. സംഭവം പുറത്ത് പറഞ്ഞാൽ കൊന്നു കളയുമെന്നും ഭീഷണിപ്പെടുത്തി. തൊട്ടടുത്ത ദിവസം തന്നെ സ്കൂൾ അധികൃതർ വിവരമറിഞ്ഞെങ്കിലും മൂടി വക്കുകയായിരുന്നു. സഹപാഠികളോട് കുട്ടി തന്റെ ദുരനുഭവം പങ്ക് വച്ചതോടെയാണ് വിവരം പൊലീസ് അറിഞ്ഞതും കേസായതും.
വിദ്യാർത്ഥികൾക്കിടയിൽ പ്രതിഷേധം ശക്തമായതോടെ നാട് വിട്ട അധ്യാപകനെ നാഗർകോവിലിലെ ബന്ധുവീട്ടിൽ നിന്നുമാണ് പിടികൂടിയത്. ഇയാളെ രക്ഷപ്പെടാൻ സഹായിച്ച രണ്ട് പേരെയും കസ്റ്റഡിയിലെടുത്തു. അധ്യാപകൻ കിരൺ മുൻപും സ്ത്രീകളോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
ഇടുക്കി വണ്ടിപ്പെരിയാറിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച 22കാരനെ പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഡൈമുക്ക് സ്വദേശി നിധീഷാണ് അറസ്റ്റിലായത്. പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി അടുപ്പത്തിലായ നിധീഷ് ഓട്ടോറക്ഷയിൽ വച്ച് കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നു. രണ്ടുമാസം മുമ്പാണ് സംഭവം നടന്നത്. കഴിഞ്ഞദിവസം സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടയാണ് കുട്ടി വിവരം പറഞ്ഞത്. ചൈൽഡ് ലൈൻ വിവരം വണ്ടിപ്പെരിയാർ പൊലീസിനെ അറിയിച്ചു. ഇതിൻറെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. വണ്ടിപ്പെരിയാറിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് നിതീഷ്.
