താനുമൊരു പിതാവാണെന്നും ഇത്തരമൊരു ആരോപണം കേട്ടാല്‍ സ്വാഭാവികമായുണ്ടാവുന്ന പ്രതികരണമാണ് ഇവിടെ സംഭവിച്ചതെന്നും പറഞ്ഞ അസം സ്വദേശി ബെംഗളുരു വിടുകയാണെന്നും പൊലീസിനോട് പ്രതികരിച്ചു

ബെംഗളുരു: ഭക്ഷണം കൊണ്ടു വന്ന ഡെലിവറി ഉപദ്രവിച്ചെന്ന് എട്ട് വയസുകാരിയുടെ പരാതി. പിന്നാലെ യുവാവിനെ വളഞ്ഞിട്ട് ആക്രമിച്ച് ബന്ധുക്കളും അയല്‍ക്കാരും. ഒടുവില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് അപമാനം. ബെംഗളുരുവിലെ ഇലക്ട്രോണിക് സിറ്റിയില്‍ തിങ്കളാഴ്ചയാണ് സംഭവം നടക്കുന്നത്. മകളെ അപാര്‍ട്ട്മെന്‍റില്‍ കാണാതെ അന്വേഷിച്ച ദമ്പതികള്‍ ടെറസിലാണ് കുട്ടിയെ കണ്ടെത്തിയത്. എട്ട് വയസുകാരിയെ ടെറസില്‍ കണ്ടെത്തിയതോടെ എങ്ങനെ ഇവിടെയെത്തിയെന്ന ചോദ്യത്തിനാണ് എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് പെണ്‍കുട്ടി മറുപടി നല്‍കിയത്.

ഫുഡ് ഡെലിവറി ചെയ്യാന്‍ വന്ന യുവാവ് ടെറസിലേക്ക് കൊണ്ട് പോയി ഉപദ്രവിച്ചുവെന്നായിരുന്നു എട്ട് വയസുകാരി വീട്ടുകാരോട് പറഞ്ഞത്. ഉപദ്രവിക്കുന്നതിനിടെ ഇയാളുടെ കയ്യില്‍ കടിച്ചാണ് രക്ഷപ്പെട്ടതെന്നും കുട്ടി പറഞ്ഞതോടെ രക്ഷിതാക്കള്‍ വിവരം സെക്യൂരിറ്റിയെ അറിയിച്ചു. ഇവര്‍ ഗേറ്റ് അടച്ച് ഭക്ഷണം കൊണ്ടുവന്ന യുവാവിനെ തടയുകയായിരുന്നു. അപാര്‍ട്ട്മെന്‍റ് പരിസരത്തുണ്ടായിരുന്ന ഒരു ഡെലിവറി ബോയിയെ കുട്ടി വീട്ടുകാര്‍ക്ക് കാണിച്ച് കൊടുക്കുക കൂടി ചെയ്തതോടെ ബന്ധുക്കളും സെക്യൂരിറ്റി ജീവനക്കാരും യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിന് പിന്നാലെ പൊലീസിനേയും വിളിച്ചു.

പൊലീസെത്തി പെണ്‍കുട്ടിയുടെ അയല്‍വാസിയുടെ വീട്ടിലെ സിസിടിവി പരിശോധിച്ചതോടെയാണ് അക്ഷരാര്‍ത്ഥത്തില്‍ എല്ലാവരും ഞെട്ടിയത്. ടെറസിലേക്ക് പെണ്‍കുട്ടി തനിയെ കയറി പോവുന്ന ദൃശ്യങ്ങളായിരുന്നു സിസിടിവിയില്‍ ഉണ്ടായിരുന്നത്. മുതിര്‍ന്ന കുട്ടിയെ സ്കൂളിലേക്ക് ബസ് കയറ്റി വിടാന്‍ പോയ സമയത്താണ് പെണ്‍കുട്ടി ടെറസിലേക്ക് പോയത്. മാതാപിതാക്കള്‍ വഴക്കുപറയുമോയെന്ന് ഭയന്നാണ് നുണ പറഞ്ഞതെന്നാണ് പെണ്‍കുട്ടി വാദിക്കുന്നത്. ആക്രമിച്ചവര്‍ക്കെതിരെ തിരികെ കേസ് നല്‍കാന്‍ അസം സ്വദേശിയായ ഡെലിവറി ബോയിയോട് പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ നിരാകരിക്കുകയായിരുന്നു. തനിക്കും കുടുംബമുണ്ടെന്നും പെട്ടന്ന് ഇത്തരമൊരു പ്രതികരണം കേട്ടാല്‍ ഉണ്ടാവുന്ന നടപടിയാണ് മര്‍ദ്ദനമെന്നും യുവാവ് പൊലീസിനോട് പ്രതികരിച്ചത്. ഇനി ബെംഗളുരുവിലേക്ക് ഇല്ലെന്നും നാട്ടിലേക്ക് മടങ്ങിപ്പോവുകയാണെന്നും അതിനാല്‍ കേസിന് താല്‍പര്യമില്ലെന്നും പറഞ്ഞ യുവാവ് മടങ്ങുകയായിരുന്നു. 

ഓമനിച്ച് കൊതി തീരും മുന്‍പ് കണ്‍മുന്‍പില്‍ നിന്ന് കാണാതായി, ജിന്നിയെ തെരഞ്ഞ് പിടിച്ച് പൊലീസ്; സനിക ഹാപ്പി


ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

YouTube video player