കൊച്ചി: എറണാകുളം വേങ്ങൂരിൽ യുവാക്കളെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. നെടുങ്ങപ്ര സ്വദേശി കൊച്ചങ്ങാടി അമലിനെയാണ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.

ജൂലൈ 12ന് വേങ്ങൂർ പുതുമന ലക്ഷംവീട് കോളനിക്ക് സമീപം താമസിക്കുന്ന രണ്ട് യുവാക്കളെ കുത്തി പരിക്കേൽപ്പിച്ച കേസിലാണ് നെടുങ്ങപ്ര സ്വദേശി അമലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. യുവാക്കളെ കുത്തി പരിക്കേൽപ്പിച്ചതിന് പിന്നാലെ അമലിനെയും സുഹൃത്തുക്കളെയും ഒത്തുതീർപ്പിനെന്ന പേരിൽ വിളിച്ചുവരുത്തി കുത്തേറ്റവരുടെ സുഹൃത്തുക്കൾ നാടന്‍ ബോംബെറിഞ്ഞിരുന്നു. കുറുപ്പുംപടിയിലെ തുരുത്തി കവലയ്ക്കടുത്ത് സ്റ്റേഡിയത്തിൽ ഇരിക്കുകയായിരുന്ന അമലിനും സുഹൃത്തുക്കൾക്കും നേരയാണ് കാറിലെത്തിയ സംഘം കഴിഞ്ഞ ദിവസം പടക്കമെറിഞ്ഞത്. 

പടക്കമെറിയുന്നത് കണ്ട് ഓടി രക്ഷപ്പെട്ട് സമീപത്തെ വീട്ടിൽ അഭയം തേടിയ അമലിനെ പൊലീസ് എത്തിയാണ് രക്ഷപ്പെടുത്തിയത്. എന്നാൽ യുവാക്കളെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ അമലിന് പങ്കുള്ളതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് ഇയാളെ പ്രതിചേർക്കുകയായിരുന്നു. യുവാക്കളെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതികളായ നെടുങ്ങപ്ര സ്വദേശി ശ്രീകാന്ത് ,വേങ്ങൂർ സ്വദേശി അപ്പു എന്നിവരെ പൊലീസ് മുൻപ് അറസ്റ്റ് ചെയ്തിരുന്നു. അമലിനും സുഹൃത്തുക്കൾക്കും നേരെ നാടൻ ബോംബെറിഞ്ഞ കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

കോഴിക്കോട് മദ്യലഹരിയില്‍ മകനെ കൊന്നു; അച്ഛൻ അറസ്റ്റിൽ

സഹകരണസംഘം ഭരണസമിതിയുടെ തട്ടിപ്പ്; രാജമുടിയിലെ 40 കർഷക കുടുംബങ്ങൾ ജപ്‌തി ഭീഷണിയിൽ