തിങ്കളാഴ്ചയാണ് നന്തി ഹിൽസിലെ സ്വകാര്യ ഹോംസ്റ്റേയിൽ യുവതിയെ മരിച്ചനിലയിൽ കണ്ടത്. കഴുത്തിൽ കയർ ചുറ്റിയ നിലയിൽ കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. തൊട്ടടുത്തതായി സഞ്ജിത് അലിയെ അബോധാവസ്ഥയിലും കണ്ടെത്തുകയായിരുന്നു. നിരവധി ഉറക്കഗുളികകളും ഒരു ഡയറിയും മുറിയിൽനിന്ന് കണ്ടെടുത്തു.
ബെംഗളൂരു: നന്തി ഹിൽസിലെ ഹോംസ്റ്റേയിൽ ഫിസിയോതെറാപ്പിസ്റ്റായ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽവിവരങ്ങൾ പുറത്ത്. ബെംഗളൂരു ജയനഗർ സ്വദേശി സായ് സുരഭി(26)യുടെ മരണവുമായി ബന്ധപ്പെട്ടാണ് കൂടുതൽ വിവരങ്ങൾ ലഭ്യമായത്. യുവതിയുടെ മൃതദേഹത്തിനൊപ്പം ഹോംസ്റ്റേയിലെ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് കോഴിക്കോട് സ്വദേശിയായ സഞ്ജിത് അലി(25)യാണെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട്ചെയ്തു. മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയായ ഇയാൾ ബെംഗളൂരുവിൽ ടാക്സി ഡ്രൈവറായി ജോലിചെയ്തുവരികയാണെന്നും പൊലീസ് പറഞ്ഞു.
തിങ്കളാഴ്ചയാണ് നന്തി ഹിൽസിലെ സ്വകാര്യ ഹോംസ്റ്റേയിൽ യുവതിയെ മരിച്ചനിലയിൽ കണ്ടത്. കഴുത്തിൽ കയർ ചുറ്റിയ നിലയിൽ കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. തൊട്ടടുത്തതായി സഞ്ജിത് അലിയെ അബോധാവസ്ഥയിലും കണ്ടെത്തുകയായിരുന്നു. നിരവധി ഉറക്കഗുളികകളും ഒരു ഡയറിയും മുറിയിൽനിന്ന് കണ്ടെടുത്തു. യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇരുവരും ഒരുമിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണോ എന്നതും പൊലീസ് സംശയിക്കുന്നുണ്ട്.
മൂന്നുദിവസം മുൻപ് സഞ്ജിത് അലിയാണ് ഹോംസ്റ്റേയിൽ മുറിയെടുത്തത്. സായ് സുരഭി പിന്നീട് ഇവിടെ എത്തുകയായിരുന്നു. തിങ്കളാഴ്ച ഇവർ മുറിയൊഴിയുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, ഇരുവരെയും പുറത്ത് കാണാതിരുന്നതോടെ ഹോംസ്റ്റേ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് യുവതിയെ മരിച്ചനിലയിലും യുവാവിനെ അബോധാവസ്ഥയിലും കണ്ടെത്തിയത്.
പ്രണയം, ഒരുമിച്ച് ജീവിതം...
കോളേജ് പഠനകാലത്താണ് സായ് സുരഭി സഞ്ജിത് അലിയുമായി അടുപ്പത്തിലാകുന്നതെന്ന് യുവതിയുടെ ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു. സഞ്ജിത് അലി നിരന്തരം മയക്കുമരുന്ന് നൽകി യുവതിയെ ലഹരിക്കടിമയാക്കിയെന്നും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്.
പ്രണയത്തിലായിരുന്ന ഇരുവരും വിവാഹം കഴിച്ച് ജീവിക്കാനായിരുന്നു ആഗ്രഹിച്ചിരുന്നത്. ഇക്കാര്യം യുവതി വീട്ടുകാരോട് പറഞ്ഞെങ്കിലും ഇവർ സമ്മതിച്ചില്ല. ഇതോടെ യുവതി വീട് വിട്ടിറങ്ങി യുവാവിനൊപ്പം താമസമായി. കുടുംബം പരാതി നൽകിയതോടെ പൊലീസ് യുവതിയെ കണ്ടെത്തിയെങ്കിലും സഞ്ജിതിനൊപ്പം താമസിക്കാനാണ് ഇഷ്ടമെന്ന് വെളിപ്പെടുത്തിയതോടെ യുവതിയെ ഇയാൾക്കൊപ്പം വിട്ടയച്ചു. എന്നാൽ, ഇരുവരും ഒരുമിച്ച് താമസിക്കുന്നതിനിടെ സഞ്ജിത് അലി സുരഭിയെ നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് കുടുംബം ആരോപിക്കുന്നത്. അതിക്രൂരമായിട്ടാണ് യുവാവ് യുവതിയെ ഉപദ്രവിച്ചിരുന്നതെന്നും സ്വകാര്യഭാഗങ്ങളിലടക്കം പരിക്കേൽപ്പിച്ചിരുന്നതായും ബന്ധുക്കൾ പറഞ്ഞു. ഇതിന്റെ തെളിവായി യുവതിക്ക് മർദനമേറ്റതിന്റെ ചില ചിത്രങ്ങളും ഇവർ പുറത്തുവിട്ടിട്ടുണ്ട്.
ലഹരിക്കടിമയാക്കിയെന്ന് ആരോപണം…
സഞ്ജിത് അലി സുരഭിയ്ക്ക് നിരന്തരം മയക്കുമരുന്ന് നൽകിയിരുന്നതായാണ് കുടുംബത്തിന്റെ മറ്റൊരു ആരോപണം. അടുത്തിടെ ഒരു ലഹരിപാർട്ടിയിൽവെച്ച് ഇരുവരെയും മയക്കുമരുന്നുമായി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എൻഡിപിഎസ് നിയമപ്രകാരം രണ്ടുപേരും ജയിലിലായി. തുടർന്ന് യുവതിയുടെ കുടുംബാംഗങ്ങൾ എത്തിയാണ് ജാമ്യത്തിലിറക്കിയത്. പിന്നീട് ഇവർ സുരഭിയെ മൈസൂരുവിലെ ലഹരിവിമുക്ത കേന്ദ്രത്തിലെത്തിച്ചു. ആറുമാസത്തോളം യുവതി ഇവിടെ ചികിത്സയിൽ കഴിഞ്ഞു. ചികിത്സ പൂർത്തിയാക്കിയ ശേഷം ബെംഗളൂരുവിലെത്തിയ സുരഭി അമ്മയ്ക്കൊപ്പമായിരുന്നു താമസം.
ആഴ്ചകൾക്ക് മുൻപാണ് സുരഭി ഫിസിയോതെറാപ്പിസ്റ്റായി പുതിയ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചതെന്നാണ് കുടുംബം പറയുന്നത്. ഇവിടെനിന്നാണ് ചിക്കബല്ലാപുരയിലെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ(സായ്) ക്യാമ്പസിലേക്ക് ജോലി ആവശ്യാർഥം എത്തിയത്. ഇക്കാര്യം അറിഞ്ഞ സഞ്ജിത് അലിയും ഇവിടേക്കെത്തി. തുടർന്ന് നന്തി ഹിൽസിലെ ഹോംസ്റ്റേയിൽ മുറിയെടുത്ത സഞ്ജിത് അലി, സുരഭിയെ ഇവിടേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്നും മൂന്നുദിവസത്തോളം ഇരുവരും ഒരുമിച്ച് താമസിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ യുവതിയുടെ മരണകാരണം സംബന്ധിച്ച് വ്യക്തതവരുകയുള്ളൂവെന്നാണ് പൊലീസിന്റെ പ്രതികരണം. അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് ഇപ്പോഴും ചികിത്സയിലാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽവിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.


