ഷാജഹാൻപൂർ: നിയമ വിദ്യാ‍ർത്ഥിനിയായ പെൺകുട്ടിയെക്കൊണ്ട് ഭീഷണിപ്പെടുത്തി ശരീരം മസാജ് ചെയ്തിട്ടുണ്ടെന്ന കുറ്റസമ്മതം നടത്തി ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദ്. താന്‍ ചെയ്ത പ്രവര്‍ത്തിയില്‍ കുറ്റബോധമുണ്ടെന്നും സ്വാമി ചോദ്യം ചെയ്യലില്‍ പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. 

വിദ്യാര്‍ത്ഥിനിയുടെ ആരോപണത്തില്‍ പറയുന്ന കാര്യങ്ങള്‍ എല്ലാം തന്നെ സത്യമാണ്. നിഷേധിക്കുന്നില്ല. വിദ്യാര്‍ത്ഥിനിയോട് തുടര്‍ച്ചയായി അശ്ലീല സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും സ്വാമി ചിന്മയാനന്ദ് ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ നാണക്കേടുകൊണ്ട് സാധിക്കുന്നില്ലെന്നും സ്വാമി ചിന്മയാനന്ദ് കൂട്ടിച്ചേര്‍ത്തുവെന്ന് പ്രത്യേക അന്വേഷണ സംഘത്തലവന്‍ നവീന്‍ അറോറ വ്യക്തമാക്കി. 

നിയമവിദ്യാര്‍ത്ഥിനി ബിജെപി നേതാവ്  സ്വാമി ചിന്മയാനന്ദിനെ മസാജ് ചെയ്യുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടി സ്വാമി ചിന്മയാനന്ദിനെതിരെ ലൈംഗിക പീഡന പരാതി ഉയര്‍ത്തിയത്. ബലാത്സംഗ പരാതിയില്‍ അറസ്റ്റിലായ ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദിനെ 14 ദിവസത്തേക്ക് ജ്യുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു. 

വാജ്‌പേയി മന്ത്രിസഭയിലെ സഹമന്ത്രി, ഇപ്പോൾ പീഡനക്കുറ്റത്തിന് അറസ്റ്റിൽ, ആരാണ് സ്വാമി ചിന്മയാനന്ദ്?

കഴിഞ്ഞ മാസമാണ് ഷാജഹാൻപൂരിലെ നിയമ വിദ്യാ‍ർത്ഥിനിയായ പെൺകുട്ടി സ്വാമി ചിന്മായനന്ദിനെതിരെ ബലാത്സംഗ പരാതി ഉന്നയിച്ചത്. തുടർന്ന് കാണാതായ പെൺകുട്ടിയെ രാജസ്ഥാനിൽ നിന്ന് കണ്ടെത്തിയിരുന്നു. പ്രത്യേക അന്വേഷണസംഘത്തോട് ചിന്മായനന്ദ് ഒരു വ‍ർഷത്തോളം തന്നെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന് പെൺകുട്ടി മൊഴി നല്‍കിയിരുന്നു. 

ബലാത്സംഗ പരാതി; ബിജെപി നേതാവ് ചിന്മയാനന്ദ് ജുഡീഷ്യൽ കസ്റ്റഡിയിൽ