ചെന്നൈ: സ്വകാര്യ ബസിലെ കണ്ടക്ടര്‍ സുഹൃത്തായ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഗൂഡല്ലൂര്‍ ജില്ലയിലെ വഡലൂരിലാണ് സംഭവം. സലോമി എന്ന യുവതിക്ക് നേരെയായിരുന്നു കണ്ടക്ടര്‍ സുന്ദരമൂര്‍ത്തിയുടെ അക്രമണം. ഇരുപത് ശതമാനം പൊള്ളലേറ്റ യുവതിയെ ഗൂഡല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ഭര്‍ത്താവ് സൈനിക ഉദ്യോഗസ്ഥനാണ്. 

കണ്ടക്ടറുമായി സലോമി അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നെന്നും എന്നാല്‍ അതൊരു പ്രണയബന്ധമാണെന്ന് സുന്ദരമൂര്‍ത്തി തെറ്റിദ്ധരിക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു. പിന്നാലെ ഇയാൾ സലോമിയോട് പ്രണയാഭ്യർത്ഥന നടത്തി. ഇതോടെ സലോമി യുവാവിനോട് സംസാരിക്കാതായി. ഇതാണ് ആക്രമണത്തിന് ഇടയാക്കിയതെന്നും പൊലീസ് വ്യക്തമാക്കുന്നു.

Read Also: ആട്ടിറച്ചി വിളമ്പിയത് കുറഞ്ഞു; ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ഭർത്താവ്

സലോമി മിണ്ടാത്തതില്‍ സങ്കടമറിയിച്ച് സുന്ദരമൂര്‍ത്തി ഇവര്‍ ജോലി ചെയ്തിരുന്ന സ്ഥലത്തേക്ക് പിന്തുടര്‍ന്നെത്തുക പതിവായിരുന്നു. സംഭവ ദിവസം തന്നോട് സംസാരിക്കണം എന്ന ആവശ്യമുന്നയിച്ച് സുന്ദരമൂര്‍ത്തി ഓഫീസിലെത്തിയെങ്കിലും സലോമി വിസമ്മതിച്ചു. ഇതോടെ കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സലോമിക്ക് രണ്ട് മക്കളുണ്ട്.