സിക്കിം യാത്രക്കിടെ  ലോകേനാഥ് ചാറ്റർജി തന്നെ ലൈം​ഗികമായി പീഡിപ്പിച്ചെന്ന് മനീഷ് ബിസ്സ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്

കൊൽക്കത്ത: ബിജെപി ബം​ഗാൾ ഘടകം നിയമവിഭാ​ഗം തലവനെതിരെ ലൈം​ഗിക പീഡന പരാതി. ലോകേനാഥ് ചാറ്റർജിക്കെതിരെയാണ് ബിജെപി ഐടി സെൽ അം​ഗമായ മനീഷ് ബിസ്സ പൊലീസിൽ പരാതി നൽകിയത്. സിക്കിം യാത്രക്കിടെ ലോകേനാഥ് ചാറ്റർജി തന്നെ ലൈം​ഗികമായി പീഡിപ്പിച്ചെന്ന് മനീഷ് ബിസ്സ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദക്കും ബിസ്സ പരാതി നൽകിയിട്ടുണ്ട്. ലൈം​ഗിക പീഡനം എതിർത്തപ്പോൾ ലോകേനാഥ് ചാറ്റർജി തന്നെ ഭീഷണിപ്പെടുത്തിയതായും താമസസ്ഥലത്തുനിന്ന് പുറത്താക്കിയതായും പരാതിക്കാരൻ ആരോപിച്ചു. കേസ് രജിസ്റ്റർ ചെയ്ത കൊൽക്കത്ത പൊലീസ്, പരാതിക്കാരന്റെ മൊഴിയെടുത്തു. സിക്കിം യാത്രക്കിടെയുണ്ടായ എല്ലാ സംഭവങ്ങളും വിവരിച്ച് ബിസ്സ കത്തെഴുതി. പോസ്ത പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഐപിസി സെക്ഷൻ 120ബി, 323,342,506(2). 295എ, 377, 511 വകുപ്പുകൾ പ്രകാരമാണ് ലോകേനാഥ് ചാറ്റർജി ഉൾപ്പെടെ നാല് പേർക്കെതിരെ കേസെടുത്തത്. രാകേഷ് കുമാർ രാഹുൽ, ബിനോദ് സിങ് എന്നിവരാണ് മറ്റ് പ്രതികൾ.