മയക്കുമരുന്ന് മാഫിയ സംഘത്തിനൊപ്പം സെൽഫി, ചിത്രങ്ങള്‍, അടുത്ത ബന്ധം; പൊലീസുകാരന് സസ്പെൻഷൻ
അയ്യൂബ് ഖാനും, രജിലേഷും തമ്മിലുള്ള ബന്ധം തെളിയിക്കുന ഫോട്ടോ പൊലീസിനെ അക്രമിച്ച കേസിലെ പ്രതി നിബിലിന്‍റെറെ വീട്ടുമുറ്റത്ത് നിന്നും ഒന്നര മാസം മുമ്പ് എടുത്തതാണ്.

കോഴിക്കോട്: മയക്കുമരുന്ന് മാഫിയാ സംഘവുമായി അടുത്ത ബന്ധമുള്ള പോലീസുകാരന് സസ്പെൻഷൻ. കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ രജിലേഷിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. താമരശ്ശേരി അമ്പലമുക്ക് കൂരിമുണ്ടയിൽ ലഹരി മാഫിയ ക്യാമ്പ് നടത്തിയ സ്ഥലത്തിന്റെ ഉടമ അയ്യൂബിനൊപ്പം നിൽക്കുന്ന ഫോട്ടോകൾ പുറത്തെത്തിയത്തിന് പിന്നാലെയാണ് താമരശ്ശേരി മൂന്നാംതോട് സ്വദേശിയായ രജിലേഷിനെതിരെ അന്വേഷണം ആരംഭിച്ചത്.
നേരത്തെ രജിലേഷിനെതിരെ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ് സമര രംഗത്ത് ഇറങ്ങുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. കൊടുവള്ളി എംഎൽഎ എം.കെ മുനീറും സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകിയിരുന്നു. അയ്യൂബ് ഖാനും, രജിലേഷും തമ്മിലുള്ള ബന്ധം തെളിയിക്കുന ഫോട്ടോ പൊലീസിനെ അക്രമിച്ച കേസിലെ പ്രതി നിബിലിന്‍റെറെ വീട്ടുമുറ്റത്ത് നിന്നും ഒന്നര മാസം മുമ്പ് എടുത്തതാണ്. അതോടൊപ്പം താമരശ്ശേരി പോസ് ഓഫിസിനു സമീപം വീട് കേന്ദ്രീകരിച്ച് എംഡിഎം വിൽപ്പന നടത്തിയ കേസിലെ പ്രതി അതുലിന് ഒപ്പം രജിലേഷ് നിൽക്കുന്ന ഫോട്ടോയും പുറത്ത് വന്നിരുന്നു.
ഇടക്കാലത്ത് താമരശ്ശേരി പൊലീസ് സ്റ്റേഷനിലും രജിലേഷ് സേവനമനുഷ്ഠിച്ചിരുന്നു. താമരശ്ശേരി അമ്പലമുക്കിൽ അയൂബിന്‍റെ സ്ഥലത്ത് തമ്പടിച്ച ലഹരി മാഫിയ സമീപത്തെ പ്രവാസിയുടെ വീട്ടിലെത്തി വീട് എറിഞ്ഞ് തകർക്കുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തത് വലിയ വാർത്തയായിരുന്നു. സ്ഥലത്തെത്തിയ താമരശ്ശേരി പൊലീസിന്‍റെ ജീപ്പും ലഹരി സംഘം തകർത്തിരുന്നു. സംഭവത്തിൽ എട്ടോളം പേരെ അറസ്റ്റ് ചെയ്തിതിട്ടുണ്ട്. മയക്കുമരുന്നു മാഫിയാ സംഘങ്ങളുമായി താമരശ്ശേരി സ്റ്റേഷനിലെ ചില പൊലീസുകാർക്ക് അടുത്ത ബന്ധമുണ്ടെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. ഈ ആരോപണം അത് തെളിയിക്കുന്നതാണ് പുറത്തു വന്ന ഫോട്ടോകൾ.
Read More : 'ആത്മഹത്യ ചെയ്യുകയാണ്', ഇൻസ്റ്റഗ്രാമിൽ അതിഥി തൊഴിലാളിയുടെ വീഡിയോ; പൊലീസെത്തിയപ്പോൾ ട്വിസ്റ്റ് !