'ആത്മഹത്യ ചെയ്യുകയാണ്', ഇൻസ്റ്റഗ്രാമിൽ അതിഥി തൊഴിലാളിയുടെ വീഡിയോ; പൊലീസെത്തിയപ്പോൾ ട്വിസ്റ്റ് !
തിരുവനന്തപുരത്തെ ഹൈടെക് സെൽ ഉദ്യോഗസ്ഥരാണ് അസ്സം സ്വദ്ദേശി സരൂർ ആലം ഇൻസ്റ്റഗ്രാമിൽ ആത്മഹത്യാ ഭീഷണി വിഡിയോ ഇട്ട വിവരം പെരുമ്പാവൂർ പോലീസിനെ അറിയിച്ചത്.

കൊച്ചി: പെരുമ്പാവൂരിൽ സമൂഹമാധ്യമത്തിൽ ആത്മഹത്യ ചെയ്യുന്നുവെന്ന് പോസ്റ്റിട്ട് വീഡിയോ ഇട്ട അതിഥി തൊഴിലാളിയെ പിടികൂടി രക്ഷപ്പെടുത്ത് പൊലീസ്. അസ്സം സ്വദ്ദേശിയായ സരൂർ ആലം ആണ് ആത്മഹത്യ വീഡിയോ ഇട്ടത്. ശനിയാഴ്ച്ച ഉച്ചക്ക് 1.30 ഓടെയാണ് പൊലീസിന് വീഡിയോ ലഭിച്ചത്. വിവരം ലഭിച്ചതോചെ ഇൻസ്റ്റഗ്രാം വഴി പോസ്റ്റിട്ട ഇതരസംസ്ഥാന തൊഴിലാളിയെ മണിക്കൂറുകൾക്കുള്ളിൽ പെരുമ്പാവൂർ പൊലീസ് കണ്ടെത്തി രക്ഷപ്പെടുത്തുകയായിരുന്നു. എന്നാൽ താനല്ല ആ പോസ്റ്റിട്ടതെന്നായിരുന്നു ആലം ആദ്യം പറഞ്ഞത്.
തിരുവനന്തപുരത്തെ ഹൈടെക് സെൽ ഉദ്യോഗസ്ഥരാണ് അസ്സം സ്വദ്ദേശി സരൂർ ആലം ഇൻസ്റ്റഗ്രാമിൽ ആത്മഹത്യാ ഭീഷണി വിഡിയോ ഇട്ട വിവരം പെരുമ്പാവൂർ പോലീസിനെ അറിയിച്ചത്. ഉടനെ പെരുമ്പാവൂർ പൊലീസ് സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും ഇാളെ കണ്ടെത്താനായില്ല. ആലമിനെ കാണാൻ സാധ്യതയുള്ള പലസ്ഥലങ്ങളിലും മാറി മാറി പരിശോധന നടത്തി. ഒടുവിൽ പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറിക്കുള്ളിൽ നിന്നുമാണ് ഇയാളെ പൊലീസ് കണ്ടെത്തിയത്.
ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടതെന്തിനെന്ന പൊലീസിന്‍റെ ചോദ്യത്തിന് താൻ പോസ്റ്റ് ഇട്ടിട്ടില്ല എന്ന മറുപടിയാണ് ആലം നൽകിയത്. ഒടുവിൽ പൊലീസ് ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ ഇയാൾ തന്നെയാണ് പോസ്റ്റ് ഇട്ടതെന്ന് വ്യക്തമായി. യുവാവിന്‍റെ കൈത്തണ്ട മുഴുവനും ബ്ലെയ്ഡ് ഉപയോഗിച്ചു് വരഞ്ഞ നിലയിലാണ്. ലഹരിക്കടിമയാണ് യുവാവെന്ന് പൊലീസ് പറഞ്ഞു. അസം സ്വദേശിയെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കുമെന്നും വേണ്ട സഹായങ്ങള്‍ നൽകുമെന്നും പെരുമ്പാവൂർ പൊലീസ് അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)