മകളുടെ ബാഗിൽ നിന്ന് 100 രൂപ കണ്ടതിനെ തുടർന്ന് ദിവസവേതനക്കാരിയായ അമ്മ നടത്തിയ ചോദ്യം ചെയ്യലിൽ പുറത്ത് വന്നത് ആഴ്ചകളായി നടക്കുന്ന ക്രൂരപീഡനം
മീററ്റ്: 14കാരിയുടെ സ്കൂൾ ബാഗിൽ പണം, മകളെ ചോദ്യം ചെയ്ത അമ്മ ഉടൻ പൊലീസ് സഹായം തേടി. രണ്ട് യുവാക്കൾ അറസ്റ്റിൽ. മീററ്റിലാണ് സംഭവം. 14 വയസ് പ്രായമുള്ള ദളിത് പെൺകുട്ടിയെ യുവാക്കൾ ആഴ്ചകളോളം പീഡിപ്പിച്ച വിവരമാണ് അമ്മയുടെ ചോദ്യം ചെയ്യലിൽ പുറത്ത് വന്നത്.
ബുലന്ദ്ഷഹറിലാണ് സംഭവം. സ്കൂളിലേക്ക് പോയ പെൺകുട്ടിയ പിടിച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം പുറത്ത് പറയാതിരിക്കാൻ പണം നൽകുകയാണ് യുവാക്കൾ ആഴ്ചകളായി ചെയ്തിരുന്നത്. പണം വാങ്ങിയതിന് പിന്നാലെ പീഡനം പതിവായി. പണം വാങ്ങിയതിനാൽ പുറത്ത് പറയാനും പെൺകുട്ടി ഭയന്നു. പലപ്പോഴായി യുവാക്കൾ നൽകിയ നൂറ് രൂപ പെൺകുട്ടി ബാഗിലാണ് സൂക്ഷിച്ചിരുന്നത്. യാദൃശ്ചികമായി ഈ പണം കണ്ട അമ്മ ചോദ്യം ചെയ്തതോടെയാണ് പീഡന വിവരം പുറത്ത് അറിയുന്നത്.
പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ ഇതേ ഗ്രാമത്തിൽ തന്നെയുള്ള രണ്ട് യുവാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൂട്ടബലാത്സംഗം, പോക്സോ വകുപ്പുകൾ, എസ് സി, എസ് ടി വിഭാഗത്തിന് എതിരായ അതിക്രമം എന്നിവ അടക്കമുള്ള വകുപ്പുകളാണ് യുവാക്കൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ദിവസ വേതനക്കാരിയായ അമ്മ മാത്രമാണ് പെൺകുട്ടിക്കുള്ളത്. രോഗം ബാധിച്ച് ഏതാനും വർഷങ്ങൾക്ക് മുൻപാണ് പെൺകുട്ടിയുടെ പിതാവ് മരിച്ചത്.
ഡ്രൈവർമാരായ യുവാക്കളാണ് അറസ്റ്റിലായത്. പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് വിശദമാക്കുന്നത്.
