വ്യാഴാഴ്ചയാണ് ലഹരി സിൻഡിക്കേറ്റിലെ പ്രമുഖൻ സൂരജ് അറസ്റ്റിലായത്. അൻപത് ലക്ഷം രൂപ വില വരുന്ന ലഹരിമരുന്നാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്

ദില്ലി: 50 ലക്ഷം രൂപ വിലവരുന്ന ഹെറോയിനുമായി ലഹരി മരുന്ന് സിൻഡിക്കേറ്റിലെ പ്രധാനി ദില്ലിയിൽ പിടിയിൽ. ദില്ലിയിലെ പുസ്ത റോഡിലെ ശാസ്ത്രി പാർക്ക് ഫ്ലൈഓവറിന് സമീപത്ത് വച്ചാണ് ലഹരി സിൻഡിക്കേറ്റിലെ പ്രധാനി പിടിയിലായത്. ഏപ്രിൽ നാലിന് 315 ഗ്രാം ഹെറോയിൻ വിതരണക്കാരന് കൈമാറുന്നതിനിടയിൽ ഇമ്രാൻ എന്നയാൾ പിടിയിലായതിന് പിന്നാലെ നടന്ന അന്വേഷണത്തിലാണ് ലഹരി സിൻഡിക്കേറ്റിലേക്കുള്ള വിവരം ലഭിച്ചത്. 

വ്യാഴാഴ്ചയാണ് ലഹരി സിൻഡിക്കേറ്റിലെ പ്രമുഖൻ സൂരജ് അറസ്റ്റിലായത്. അൻപത് ലക്ഷം രൂപ വില വരുന്ന ലഹരിമരുന്നാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. ആന്റി നാർക്കോട്ടിക്സ് ടാസ്ക് ഫോഴ്സ് ടീമിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് നിർണായക അറസ്റ്റ്. എൻഡിപിഎസ് വകുപ്പുകൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുള്ളത്. നേരത്തെ അഞ്ചിലേറെ കേസുകളിൽ പ്രതിയായ സൂരജിൽ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് ഇമ്രാൻ ചോദ്യം ചെയ്യലിൽ വിശദമാക്കിയിരുന്നു. മോഷണം പിടിച്ചുപറി അടക്കമുള്ള കേസുകളാണ് ഇയാൾക്കെതിരെയുള്ളത്. 

അടുത്ത കാലത്തായി ജോലിയില്ലാതായതോടെ ഇയാൾ പൂർണമായി ലഹരി വ്യാപാരത്തിലേക്ക് ഇറങ്ങുകയായിരുന്നു. ഇയാളിലൂടെ വലിയൊരു ലഹരി ശൃംഖലയുടെ വിവരങ്ങൾ ലഭ്യമാകുമെന്നാണ് നിരീക്ഷണത്തിലാണ് പൊലീസുള്ളത്. പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. ന്യൂ ഉസ്മാൻപൂർ സ്വദേശിയായ ഇയാൾ രാജ, താക്കൂർ എന്നീ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. 40 വയസുകാരനായ ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ ലഹരി മരുന്ന് സിൻഡിക്കേറ്റിലെ കൂടുതൽ ആളുകളെ പിടികൂടാമെന്നാണ് ദില്ലി പൊലീസ് പ്രതീക്ഷിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം