തുരങ്കത്തിൽ നിന്ന് പാട്ടും ബഹളവും കേട്ടതോടെയാണ് ആരോ തുരങ്കത്തിലുണ്ടെന്ന് നാട്ടുകാർ അറിയുന്നത്.
കൊല്ലം: വെള്ളം ഒഴുക്കാൻ നിർമിച്ച തുരങ്കത്തിൽ കയറി ലഹരിയ്ക്കടിമയായ യുവാവിന്റെ അഭ്യാസ പ്രകടനം. ഉളിയക്കോവിലിൽ നിന്ന് അഷ്ടമുടികായലുമായി ബന്ധിപ്പിക്കുന്ന തുരങ്കത്തിലാണ് കഴിഞ്ഞ ദിവസം ഇയാൾ കയറിപ്പറ്റിയത്. ശനിയാഴ്ച പുലർച്ചെ 3 മണിയോടെയാണ് യുവാവ് തുരങ്കത്തിൽ കയറിയതെന്നാണ് വിവരം. തുരങ്കത്തിൽ നിന്ന് പാട്ടും ബഹളവും കേട്ടതോടെയാണ് ആരോ തുരങ്കത്തിലുണ്ടെന്ന് നാട്ടുകാർ അറിയുന്നത്. യുവാവ് പാട്ടുപാടുകയും ഉച്ചത്തിൽ ബഹളം വെയ്ക്കുകയും ചെയ്തതോടെ നാട്ടുകാർ ഭയന്നു. പിന്നീടാണ് തുരങ്കത്തിൽ ആരോ ഉണ്ടെന്ന് മനസിലാക്കിയത്. നാട്ടുകാർ ചേർന്ന് ഇയാള രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും അക്രമാസക്തനായതോടെ ആളുകൾ പിന്മാറി. ഒടുവിൽ ഫയർഫോഴ്സ് എത്തി നാട്ടുകാരുടെ സഹായത്തോടെ പുറത്തെത്തിക്കുകയായിരുന്നു. യുവാവിന്റെ പക്കൽ നിന്ന് കഞ്ചാവും പൊലീസ് കണ്ടെത്തി. ലഹരിക്ക് അടിമയായ ഇയാൾ ദീർഘകാലം മാനസികാരോഗ്യ ചികിത്സാ കേന്ദ്രത്തിലായിരുന്നുവെന്നാണ് വിവരം. തുരങ്കത്തിൽ നിന്ന് പുറത്തെത്തിച്ച ശേഷം യുവാവിനെ ആദ്യം ഡീ അഡിക്‌ഷൻ കേന്ദ്രത്തിലും പിന്നീട് തിരുവനന്തപുരത്തെ മാനസികാരോഗ്യ ചികിത്സാ കേന്ദ്രത്തിലേക്കും മാറ്റി.


