കണ്ണൂർ പയ്യന്നൂരിലാണ് 22 കാരിയെ അച്ഛൻ വാളുകൊണ്ട് വെട്ടാൻ ശ്രമിച്ചത്.

കണ്ണൂർ: കണ്ണൂരിൽ മകളെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ. കണ്ണൂർ പയ്യന്നൂരിലാണ് 22 കാരിയെ അച്ഛൻ വാളുകൊണ്ട് വെട്ടാൻ ശ്രമിച്ചത്. കരിവെള്ളൂർ സ്വദേശി കെ.വി. ശശിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മയെ ഉപദ്രവിച്ചത് മകൾ ചോദ്യം ചെയ്തതാണ് ശശിയെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സംഭവം. പരിക്കേറ്റ അമ്മയും മകളും ചികിത്സ തേടി. മദ്യപാനിയായ ശശി വീട്ടിൽ നിരന്തരം പ്രശ്നങ്ങളുണ്ടാക്കുമായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഇവരുടെ വീട്ടിലുണ്ടായ വഴക്ക് കയ്യാങ്കളിയിലേക്കെത്തി. ഇതിനിടയിൽ ഭാര്യയെ ശശി മര്‍ദിച്ചു. ഇത് തടയാനെത്തിയ 22 കാരിയായ മകളെയാണ് ശശി വാളുകൊണ്ട് വെട്ടാൻ ശ്രമിച്ചത്. കഴുത്തിന് നേരെയാണ് ഓങ്ങിയത്. തലനാരിഴയ്ക്കാണ് മകള്‍ രക്ഷപ്പെട്ടത്. തുടര്‍ന്ന് ശശി മകളെയും ഭാര്യയെയും മര്‍ദിക്കുകയായിരുന്നു. അമ്മയും മകളും കരിവെളളൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പ്രതി ശശിയെ പയ്യന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു. 

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | Onam 2025