ജോലിക്ക് പോയ തന്നെ ആദ്യദിവസം തന്നെ ഒരാൾ ബലാത്സം​ഗം ചെയ്തെന്ന് പരാതിക്കാരി പറയുന്നു. തുടർന്നുള്ള ദിവസങ്ങളിലും താൻ അവിടേക്ക് പോകാൻ നിർബന്ധിതയായി. ആദ്യ ദിവസം ബലാത്സം​ഗത്തിനിരയായ വീഡിയോ കാണിച്ച് തന്നെ ഭീഷണിപ്പെടുത്തിയാണ് ജോലിക്ക് വരുത്തിയത്. 

ദില്ലി: സ്പായിൽ വച്ച് പതിനാലുകാരി കൂട്ടബലാത്സം​ഗത്തിനിരയായതായി പരാതി. ദിവസവും 10 മുതൽ പതിനഞ്ച് പേർ വരെ തന്നെ ലൈം​ഗികപീഡനത്തിനിരയാക്കി എന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.

​ഗുരു​ഗ്രാമിലാണ് സംഭവം. സ്പാ ന‌ടത്തിപ്പുകാരുടെ ഒത്താശയോടെയായിരുന്നു സംഭവമെന്ന് പരാതിയിൽ പറയുന്നു. പരാതിയിന്മേൽ നാല് പേർക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്പാ നടത്തിപ്പുകാരിയും മറ്റൊരു യുവതിയും ഇതിലുൾപ്പെടുന്നു. ഇതേ പരാതി പൊലീസിൽ നൽകുന്നത് രണ്ടാം തവണയാണെന്ന് പെൺകുട്ടി പറയുന്നു. ആദ്യ തവണ നൽകിയ പരാതി ഒത്തുതീർപ്പാക്കുകയായിരുന്നു. പീഡിപ്പിച്ചവരിലൊരാൾ പെൺകുട്ടിയുടെ ആൺസുഹൃത്താണെന്നും വിവാഹം കഴിക്കാൻ ഇയാൾക്ക് സമ്മതമാണെന്നും പറഞ്ഞതിനെത്തു‌ടർന്നായിരുന്നു അന്ന് കേസ് ഒത്തുതീർപ്പായത്. ഇക്കാര്യം തന്നെക്കൊണ്ട് നിർബന്ധിച്ച് പറയിപ്പിച്ചതാണെന്ന് ഇപ്പോൾ പെൺകുട്ടി പറയുന്നു. എന്തായാലും അന്ന് കേസ് ഒത്തുതീർപ്പാക്കി വിട്ടു. എന്നാൽ, വിവാഹ വാഗ്ദാനം നൽകിയ വ്യക്തി പിന്നീട് അതിൽ നിന്ന് പിന്മാറി. വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പറയുന്നു. 

പരാതിക്കാരി വയസ് തെളിയിക്കുന്ന രേഖകളൊന്നും കൈമാറിയിട്ടില്ലെന്നും അതുകൊണ്ടു തന്നെ പ്രായപൂർത്തിയായോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും പൊലീസ് പറയുന്നു. സ്പായിൽ പൊലീസ് പരിശോധന ന‌ടത്തി. ജോലിയന്വേഷിച്ച് നടന്ന പെൺകുട്ടി ഒരു മാസം മുമ്പ് പൂജ എന്ന സ്ത്രീയെ പരിചയപ്പെട്ടെന്നും അവർ ഒരു ഡോക്ടറു‌ടെ ക്ലിനിക്കിൽ ജോലി തരപ്പെടുത്താമെന്ന് ഉറപ്പ് നൽകിയെന്നും പരാതിയിൽ പറയുന്നു. ക്ലിനികിൽ ജോലിക്ക് കയറിയെങ്കിലും രണ്ട് ദിവസത്തിനകം പെൺകുട്ടിയെ പുറത്താക്കി. 15 ദിവസത്തിനു ശേഷം പൂജ പെൺകുട്ടിയെക്കണ്ട് സ്പായിൽ റിസപ്ഷനിസ്റ്റായി ജോലി ശരിയാക്കിയെന്ന് അറിയിച്ചു. പൂജയുടെ ആന്റിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്പായെന്നും പറഞ്ഞു. 

ജോലിക്ക് പോയ തന്നെ ആദ്യദിവസം തന്നെ ഒരാൾ ബലാത്സം​ഗം ചെയ്തെന്ന് പരാതിക്കാരി പറയുന്നു. തുടർന്നുള്ള ദിവസങ്ങളിലും താൻ അവിടേക്ക് പോകാൻ നിർബന്ധിതയായി. ആദ്യ ദിവസം ബലാത്സം​ഗത്തിനിരയായ വീഡിയോ കാണിച്ച് തന്നെ ഭീഷണിപ്പെടുത്തിയാണ് ജോലിക്ക് വരുത്തിയത്. മറ്റ് ദിവസങ്ങളിലും പതിനഞ്ച് പേർ വരെ തന്നെ ബലാത്സം​ഗം ചെയ്തെന്നും പരാതിയിൽ പെൺകുട്ടി പറയുന്നു. ജോലി ഉപേക്ഷിച്ചെങ്കിലും ഭീഷണി തുടർന്നു. തനിക്കും അമ്മയ്ക്കും ജീവന് ഭീഷണിയുള്ളതിനാലാണ് ഇപ്പോൾ വീണ്ടും പൊലീസിൽ പരാതി നൽകുന്നതെന്നും പെൺകുട്ടി പറഞ്ഞതായി പൊലീസ് അറിയിച്ചു. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. വിശദമായ അന്വേഷണത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. 

Read Also: ലിംഗമാറ്റ ശസ്ത്രക്രിയ മറച്ചുവെച്ച് വിവാഹം, ഭർത്താവിനെതിരെ യുവതിയുടെ പരാതി