ആന്ധ്രപ്രദേശിൽ നിന്നും കഞ്ചാവ് മൊത്തമായി വാങ്ങി പാലക്കാട് നഗരത്തില്‍ വിൽപ്പന നടത്തിയിരുന്നതായി ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
പാലക്കാട് : രഹസ്യവിവരത്തെ തുടര്‍ന്ന് പാലക്കാട് ചന്ദ്രാനഗര്‍ കൂട്ടുപാതയില്‍ കാത്തിരുന്ന പൊലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞ കഞ്ചാവ് മൊത്തവിതരണക്കാരെ വിടാതെ പിന്തുടര്‍ന്ന് പിടികൂടി. പൊലീസിനെ കണ്ട് രക്ഷപ്പെടുന്നതിനിടെ സംഘം നാല് കിലോ കഞ്ചാവും മൊബൈല്‍ ഫോണും ഉപേക്ഷിച്ചിരുന്നു. പൊലീസിനെ കണ്ട് അമിത വേഗതയില്‍ സംഘം രക്ഷപ്പെടാന്‍ നോക്കിയെങ്കിലും സാഹസീകമായ പിന്തുടര്‍ന്ന പൊലീസ് സംഘം രണ്ട് പേരെ പിടികൂടുകയായിരുന്നു.
പാലക്കാട് നഗരത്തിൽ വർഷങ്ങളായി പൊലീസിനേയും എക്സൈസിനേയും കബളിപ്പിച്ച് കഞ്ചാവ് കച്ചവടം നടത്തിയിരുന്ന പാലക്കാട് കല്ലേപ്പുള്ളി തെക്കുമുറി സ്വദേശികളായ മണിമാരൻ മകൻ സനോജ് (26), അശോകൻ മകൻ അജിത് (25) എന്നിവരാണ് പൊലീസിനെ വെട്ടിച്ച് കടഞ്ഞ് കളയാന്‍ ശ്രമിച്ചത്. എന്നാല്‍ പിന്തുടര്‍ന്ന പൊലീസ് മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ അറസ്റ്റ് ചെയ്തു. വിശദമായ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു.എന്നാല്‍, ഇവര്‍ ഉപേക്ഷിച്ച കഞ്ചാവ് കണ്ടെത്താനായില്ല. ഇതിനായുള്ള അന്വേഷണം നടക്കുന്നു.
ആന്ധ്രപ്രദേശിൽ നിന്നും കഞ്ചാവ് മൊത്തമായി വാങ്ങി പാലക്കാട് നഗരത്തില്‍ വിൽപ്പന നടത്തിയിരുന്നതായി ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. കേസിൽ കൂടുൽ പേർക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. ഏറെ തിരക്കുള്ള സ്ഥലങ്ങളാണ് പ്രതികൾ കഞ്ചാവ് കച്ചവടത്തിനായി തെരഞ്ഞെടുക്കുന്നത്. ലോക്ക്ഡൗൺ വന്നതിന് ശേഷം നിരവധി യുവാക്കളാണ് ലഹരി വസ്തുക്കളുടെ വിൽപ്പനയിലേക്ക് തിരിഞ്ഞിരിക്കുന്നത്. ഇത്തരത്തിൽ വിൽപ്പന നടത്തുന്നവരെ പറ്റി കൂടുതൽ വിവരം ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ അന്വേഷണം തുടരുമെന്നും പൊലീസ് പറഞ്ഞു.
പാലക്കാട് ജില്ലാ പോലീസ് മേധാവി R വിശ്വാനാഥിന്‍റെ നിർദ്ദേശാനുസരണം പാലക്കാട് എഎസ്പി എ ഷാഹുൽ ഹമീദിന്‍റെ മേൽനോട്ടത്തിൽ കസബ ഇൻസ്പെക്ടർ രാജീവ് എന്‍ എസ് , എസ്.ഐമാരായ അനീഷ് എസ്, ജഗ്മോഹൻ ദത്ത, രംഗനാഥൻ എ, എഎസ്ഐമാരായ ഷാഹുൽ ഹമീദ്, രമേഷ്, എസ്സിപിഒമാരായ ശിവാനന്ദൻ, ആര്‍ രാജീവ്, മാർട്ടിൻ, സിപിഒമാരായ ജയപ്രകാശ്, ബാലചന്ദ്രൻ, അശോകൻ, ഷിജു, ബിജു, ഹോം ഗാർഡ് വേണുഗോപാൽ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ വൈദ്യപരിശോധനക്ക് വിധേയരാക്കിയ ശേഷം കോടതിയിൽ ഹാജരാക്കി.
കൂടുതല്‍ വായനയ്ക്ക്: ജാമ്യത്തിലിറങ്ങി വീണ്ടും ലഹരിമരുന്ന് കടത്തിയതിന് അറസ്റ്റ്; ജാമ്യം റദ്ദാക്കാൻ നടപടിയെടുക്കാതെ പൊലീസും എക്സൈസും
