മുരുക്കുംപ്പുഴയിൽ രണ്ടു യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചു. വിദ്യാർത്ഥിയെ തട്ടികൊണ്ടുപോയി മർദ്ദിച്ച കേസിൽ അടുത്തിടെ ജാമ്യത്തിലിറങ്ങിയ ഗുണ്ട ഷെഹിൻെറ നേതൃത്വത്തിലായിരുന്നു ആക്രമണം
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം (Goons Attack) ഉണ്ടായി. മുരുക്കുംപ്പുഴയിൽ രണ്ടു യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചു. വിദ്യാർത്ഥിയെ തട്ടികൊണ്ടുപോയി മർദ്ദിച്ച കേസിൽ അടുത്തിടെ ജാമ്യത്തിലിറങ്ങിയ ഗുണ്ട ഷെഹിൻെറ നേതൃത്വത്തിലായിരുന്നു ആക്രമണം. പോത്തൻകോട്- മുരിക്കുംപുഴ മേഖലയിൽ ഗുണ്ടാ ആക്രമണം പതിവായിട്ടും പൊലീസ് നടപടിയൊന്നും സ്വീകരിക്കുന്നില്ല.
പോത്തൻകോട് ചന്തവിളയിൽ ഗുണ്ടകള്‍ തമ്മിൽ കഴിഞ്ഞ ദിവസം ഏറ്റമുട്ടിയിരുന്നു. മദ്യസൽക്കാരത്തിനിടെയുള്ള ഏറ്റമുട്ടലിൽ കൊലക്കേസ് പ്രതിയായ ദീപുവിനെ മറ്റ് ഗുണ്ടകള്‍ ആക്രമിച്ചു. ഇതിനിടെ പ്രതികളായ മറ്റ് ഗുണ്ടകള്‍ക്കുവേണ്ടി പൊലീസ് തെരച്ചിൽ നടത്തുമ്പോഴാണ് കിലോമീറ്ററുകള്‍പ്പുറം ഇന്നലെ രാത്രി വീണ്ടും ഗുണ്ടാ ആക്രമണം ഉണ്ടായത്. നിരവധിക്കേസുകളിൽ പ്രതിയായ ഷെഹിൻെറ നേതൃത്വത്തിലാണ് രണ്ടു യുവാക്കളെ വെട്ടിപരിക്കേൽപ്പിച്ചത്. സുധി, കിച്ചു എന്നിവർക്കാണ് വെട്ടേറ്റത്. വീട്ടിനു മുന്നിൽ നിന്ന യുവാക്കളെ ഷെഹിൻെറ നേതൃത്വത്തിലുള്ള നാലുപേർ വെട്ടുകയായിരുന്നു. ഒന്നര വർഷം മുമ്പ്, വെട്ടേറ്റ സുധിയെ ഷെഹിൻ മർദ്ദിച്ചിരുന്നു. സുധിയുടെ വീടീന് സമീപമുള്ള വീട്ടിൽ ഷെഹിൻ ഇന്നലെ എത്തിയിരുന്നു. മുൻ വൈരാഗ്യമുളള ഇവർ തമ്മിൽ വാക്കേറ്റമായി. ഇന്നലെ വൈകുന്നേരം ഷെഹിൻ മറ്റ് സുഹൃത്തുക്കളുമായി എത്തി യുവാക്കളെ ആക്രമിച്ചു.
മൂന്നു മാസം മുമ്പ് വാവരമ്പലത്ത് വിദ്യാർത്ഥിയെ തട്ടികൊണ്ടുപോയി കഞ്ചാവ് വലിപ്പിച്ച ശേഷം മൊബൈൽ ഫോണും പണവും തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ ഷെഹിൻ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. മംഗലപുരം, പോത്തൻകോട് സ്റ്റേഷൻ പരിധികളിലാണ് ഇപ്പോള്‍ ഗുണ്ടസംഘങ്ങള്‍ വിലസുന്നത്. വധശ്രമക്കേസിലെ പ്രതിയുടെ കാലുവെട്ടി റോഡിലെറഞ്ഞ സംഭവത്തിന് ശേഷം ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള നടപടികളൊന്നും ഇതേവരെ ഫലം കണ്ടിട്ടില്ലെന്നാണ് പുതിയ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. സ്വർണമോഷണക്കേസിലെ പ്രതിയായ ഫൈസലിൻെറ നേതൃത്വത്തിൽ വീടുകയറി രണ്ടാഴ്ച മുമ്പ് ആക്രണം നടത്തിയിരുന്നു. പായ്ച്ചിറയിലും പാറശാലയിലും ഗുണ്ടാസംഘം വീടുകളിൽ അതിക്രമിച്ചു കയറി നാട്ടുകാരെ ഉപദ്രവിച്ചിരുന്നു.
