25 വയസ്സുകാരനായ ഉമാങ് വച്ചാനിയാണ് കവർച്ചയുടെ ആസൂത്രകനെന്നാണ് പൊലീസ് കണ്ടത്തൽ. അഹമ്മദാബാദ് ആസ്ഥാനമായുള്ള ഒരു സർവകലാശാലയിൽ നിന്ന് എയറോനോട്ടിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ വച്ചാനി ഐഎസ്ആർഒയിലടക്കം ഇൻ്റേൺഷിപ്പ് ചെയ്തിട്ടുണ്ട്.

​ഗാന്ധിന​ഗർ: ഗുജറാത്തിലെ സൂറത്തിൽ ജ്വല്ലറി കവർച്ച ശ്രമത്തിൽ എയ്റോനോട്ടിക്കൽ എൻജിനീയർ അടക്കം മൂന്നുപേർ അറസ്റ്റിൽ. പ്രതികൾ കുറ്റകൃത്യം നടത്തിയത് വെബ് സീരീസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടെന്ന് പൊലീസ്. പ്രതികളെ പിടികൂടിയത് 300 ഓളം സിസിടിവി ക്യാമറകൾ പരിശോധിച്ചശേഷമാണ് കഴിഞ്ഞ ചൊവ്വാഴ്ച്ച രാവിലെ സൂറത്തിലെ നവസാരിയിൽ ജ്വല്ലറിയിൽ കവർച്ച നടത്താൻ ശ്രമിച്ച കേസിലാണ് മൂന്ന് പേർ പിടിയിലായത്. വൽസാദ് സ്വദേശികളായ ഉമാങ് വച്ചാനി, രജനീകാന്ത് മക്വാന, മനോജ് സുർവ്യവംശി എന്നിവരാണ് കവർച്ചാ ശ്രമം നടത്തി മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടിയിലായത്.

കവർച്ചാ ശ്രമം എതിർത്തതിന് പിന്നാലെ പ്രതികൾ കടയുടമയ്ക്ക് നേരെ വെടിയുതിർത്തിരുന്നു. പോലീസ് പറയുന്നതനുസരിച്ച്, ചൊവ്വാഴ്ച രാവിലെ ജ്വല്ലറിയിൽ ആളുകൾ ഇല്ലാതിരുന്ന സമയം നോക്കി ഉമാങ് വച്ചാനിയും രജനീകാന്ത് മക്വാനയും കടയിലെത്തുകയായിരുന്നു. മനോജ് സുർവ്യവംശി ഇവർ വന്ന കാറിൽ തന്നെ ഇരിക്കുകയും ചെയ്തു. എന്നാൽ കവർച്ചാ ശ്രമമാണ് പ്രതികളുടെ ലക്ഷ്യം എന്ന് മനസിലാക്കിയ കടയുടമ അശോക് കടാരിയ ഈ ശ്രമത്തെ എതിർത്തു. പിന്നാലെ ശബ്ദം കേട്ട് പ്രദേശത്തുള്ളവർ കടയിൽ എത്തുമെന്ന് മനസിലാക്കിയ പ്രതികൾ ശ്രമം ഉപേക്ഷിച്ച് രക്ഷപെടുകയായിരുന്നു.

ഇതിനിടയിൽ ശ്രമം തകർത്തതിൻ്റെ വൈരാഗ്യത്തിൽ 2 തവണ അശോകിനെതിരെ പ്രതികൾ വെടിവെച്ചു. പിന്നാലെ കാറിൽ രക്ഷപെട്ട പ്രതികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. പ്രതികൾ യാത്ര ചെയ്ത കാർ നമ്പർ പ്ലേറ്റ് ഊരി മാറ്റി ക്വാറിയിൽ ഉപേക്ഷിച്ച നിലയിൽ സമീപ പ്രദേശമായ ചിഖ്‌ലിയിൽ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. സമീപ പ്രദേശങ്ങളിലെ സിസിടിവി പരിശോധിച്ചതിലൂടെ പ്രതികൾ വസ്ത്രങ്ങളെല്ലാം മാറി മറ്റൊരു വാഹനത്തിൽ കയറി പോകുന്നതായി പൊലീസ് കണ്ടത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വൽസാദിൽ വെച്ച് പ്രതികളെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് രണ്ട് മാസമായി കവർച്ച ആസൂത്രണം ചെയ്യുകയായിരുന്നെന്നും വെബ്സീരീസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കവർച്ചയെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞത്.

25 വയസ്സുകാരനായ ഉമാങ് വച്ചാനിയാണ് കവർച്ചയുടെ ആസൂത്രകനെന്നാണ് പൊലീസ് കണ്ടത്തൽ. അഹമ്മദാബാദ് ആസ്ഥാനമായുള്ള ഒരു സർവകലാശാലയിൽ നിന്ന് എയറോനോട്ടിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ വച്ചാനി ഐഎസ്ആർഒയിലടക്കം ഇൻ്റേൺഷിപ്പ് ചെയ്തിട്ടുണ്ട്. വിദ്യാർത്ഥി ആയിരിക്കുമ്പോഴേ മോഷണ കേസുകളിൽ പ്രതിയാണ് വച്ചാനി. നിലവിൽ പ്രതികൾക്ക് എവിടെ നിന്നാണ് തോക്ക് ലഭിച്ചതെന്നും കവർച്ചയ്ക്കായി ഈ ജ്വല്ലറി തന്നെ തിരഞ്ഞെടുക്കാൻ കാരണമെന്തെന്നുമാണ് നിലവിൽ പൊലീസ് പരിശോധിക്കുന്നത്.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News