മകളുടെ രാഷ്ട്രീയ ബന്ധത്തിന്റെ മറ പിടിച്ച് ഇവർ ഏറെ നാളായി മദ്യ കച്ചവടം നടന്നിരുന്നതായി എക്സൈസ് അധികൃതർ പറഞ്ഞു. 

കൊല്ലം: ശൂരനാട് വടക്ക് സിപിഐ പ്രദേശിക യുവ വനിതാ നേതാവിനെയും കുടുംബത്തെയും വ്യാജ ചാരായവുമായി എക്സൈസ് ഷാഡോ സംഘം അറസ്റ്റ് ചെയ്തു. ഇടപ്പനയം മുറിയിൽ അമ്മു നിവാസിൽ സിന്ധു എന്ന് വിളിക്കുന്ന ബിന്ദു ജനാർദ്ദനൻ, മകൾ എ.ഐ.എസ്.എഫ് യുവ പ്രാദേശിക നേതാവായ അമ്മു സഹോദരൻ അപ്പു എന്നിവരാണ് പിടിയിലായത് . ഇവരിൽ നിന്നു പത്തു ലിറ്റർ വ്യാജ ചാരായവും പിടികൂടി.

മകളുടെ രാഷ്ട്രീയ ബന്ധത്തിന്റെ മറ പിടിച്ച് ഇവർ ഏറെ നാളായി മദ്യ കച്ചവടം നടന്നിരുന്നതായി എക്സൈസ് അധികൃതർ പറഞ്ഞു. റെയിഡിനെത്തിയ വനിതാ ഉദ്യോഗസ്ഥരെ അടക്കം ഇവർ മൂവരും ചേർന്നു ആക്രമിക്കുകയും ഡിപ്പാർട്ട്മെന്റ് വാഹനം തല്ലി തകർക്കുകയും ചെയ്തതായി കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ബി സുരേഷ് പറഞ്ഞു. പരിക്കേറ്റ വനിതാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി.

അതേ സമയം റെയ്ഡിനായി വന്ന വനിതാ ഉദ്യോഗസ്ഥരെയടക്കം ആക്രമിക്കുകയും വാഹനം തകര്‍ക്കുകയും ചെയ്ത കേസില്‍ അമ്മുവിന്‍റെ പിതാവ് ജനാര്‍ദനന്‍ (60), വിജില്‍ ഭവനത്തില്‍ വിനോദ് (41), മകന്‍ വിജില്‍ (20) എന്നിവരെ ശൂരനാട് പോലീസ് അറസ്റ്റ് ചെയ്തുവെന്നാണ് വിവരം. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ജനാര്‍ദ്ദനനും കൂട്ടാളികളും ആക്രമണത്തിന് ശേഷം ഒളിവിലായിരുന്നു ഇവരെ ചൊവ്വാഴ്ച ഉച്ചയോടെയാണ് പൊലീസ് പിടികൂടിയത്.

ബിന്ദുവിന്റെ പേരില്‍ നേരത്തേയും അബ്കാരി കേസുണ്ട്. കാലങ്ങളായി ചാരായംവില്‍പ്പന നടത്തിവരികയായിരുന്നു എന്നാണ് എക്സൈസ് പറയുന്നത്. പരിശോധനയ്ക്ക് എത്തുന്ന ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതും പതിവായിരുന്നു. എ.ഐ.എസ്.എഫ്. ജില്ലാ കമ്മിറ്റി അംഗവും ശൂരനാട് മണ്ഡലം പ്രസിഡന്റുമാണ് അറസ്റ്റിലായ അമ്മു. 

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബി.വിഷ്ണു, പ്രിവന്റീവ് ഓഫീസര്‍ മനോജ് ലാല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്രീനാഥ്, നിധിന്‍, അജിത്, ജൂലിയന്‍ ക്രൂസ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഗംഗ, ശാലിനി ശശി, ജാസ്മിന്‍, ഡ്രൈവര്‍ നിഷാദ് എന്നിവരാണ് റെയ്ഡില്‍ പങ്കെടുത്തത്. ഓണാഘോഷം കണക്കിലെടുത്ത് ലഹരിയൊഴുക്ക് തടയാനുള്ള എക്‌സൈസിന്റെ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗംകൂടിയാണീ റെയ്‌ഡെന്ന് എക്‌സൈസ് കമ്മിഷണര്‍ ബി.സുരേഷ് പറഞ്ഞു.

സ്‌കൂട്ടറില്‍ ചാരായം കടത്തവെ യുവാവ് പിടിയിൽ

ഓട്ടോഡ്രൈവറോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ ചാരയക്കേസില്‍ കുടുക്കാന്‍ നോക്കി; രണ്ടു പേര്‍ പിടിയില്‍