എടിഎമ്മിൽ പണം വരുന്നിടത്ത് പ്രത്യേക ബോക്സ് ഒളിപ്പിച്ചുവെച്ചായിരുന്നു നാഗ്പൂര്‍ സ്വദേശികളുടെ മോഷണം

മലപ്പുറം: എടിഎം കൗണ്ടറുകൾ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ അന്തര്‍ സംസ്ഥാന മോഷ്ടാക്കളെ മലപ്പുറം പൂക്കോട്ടുംപാടം പൊലീസ് പിടികൂടി. എടിഎമ്മിൽ പണം വരുന്നിടത്ത് പ്രത്യേക ബോക്സ് ഒളിപ്പിച്ചുവെച്ചായിരുന്നു നാഗ്പൂര്‍ സ്വദേശികളുടെ മോഷണം. ഇക്കഴിഞ്ഞ മെയ് 18. നിലമ്പൂര്‍ അ‍ര്‍ബൻ കോപ്പറേറ്റീവ്

ബാങ്കിന്‍റെ കരുളായിലെ എടിഎമ്മിൽ നിന്ന് പണം പിൻവലിച്ചവരിൽ ചിലര്‍ക്ക് പണം കിട്ടിയില്ല. ഉപഭോക്താക്കൾ ബാങ്കിൽ പരാതിപ്പെട്ടു. ബാങ്ക് പരിശോധിച്ചപ്പോൾ പണം കൃത്യമായി മെഷിനിലൂടെ പുറത്തുവന്നെന്ന് സ്ഥിരീകരിച്ചു. പിന്നാലെയാണ് തട്ടിപ്പ് സാധ്യത പരിശോധിച്ചത്. വിഷയം അറിഞ്ഞ് മലപ്പുറം എസ്പി പ്രത്യേക

അന്വേഷണ സംഘം രൂപീകരിച്ചു. സിസിടിവികൾ പരതി. ഒടുവിൽ പ്രതികളെ കുറിച്ച് സൂചന കിട്ടി. എടിഎം കൗണ്ടറുകളിലെ സിസിടിവികളിൽ പ്രതികളുടെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. മഹാരാഷ്ട്രയിലെ നാഗ്പൂ‍ര്‍ സ്വദേശി രോഹിത്ത്, മോഹൻലാൽ ചൗദരി എന്നിവര്‍ അടങ്ങുന്ന സംഘമാണ് തട്ടിപ്പിന് പിന്നിൽ. അവരുടെ നാട്ടിൽ ചെന്നാണ് രണ്ടു പേരെയും പിടികൂടിയത്.

ആരുടേയും ശ്രദ്ധ പതിയാതെയാണ് പ്രതികൾ തട്ടിപ്പിന് കോപ്പു കോട്ടുക. പ്രത്യേകം തയ്യാറാക്കിയ ബോക്സുകൾ നോട്ടുകൾ വരുന്നിടത്ത് ഒളിപ്പിച്ചാണ് മോഷണം. പണം പിൻവലിക്കാനെത്തുന്ന ആളുകൾക്ക് നോട്ടുകൾ എണ്ണുന്ന ശബ്ദവും പണം എടുക്കാനുള്ള നിര്‍ദേശവും ഉൾപ്പെടെ കിട്ടും. പണം മാത്രം കാണില്ല.

വണ്ടൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ വാണിയമ്പലം, പാലക്കാട്, തൃശൂർ ജില്ലകളിലും സമാന തട്ടിപ്പുകൾ പ്രതികൾ ചെയ്തതായി കണ്ടെത്തി. തെളിവെടപ്പ് പൂര്‍ത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

YouTube video player