രാവിലെ അശോകന്‍റെ സുഹൃത്തുക്കള്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് പായയില്‍ പൊതിഞ്ഞ നിലയില്‍ ഉഷയുടെ മൃതദേഹം വീട്ടില്‍ കണ്ടെത്തിയത്. 

കാസര്‍കോട്: പെര്‍ളടുക്കയില്‍ (Perladka) ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു (Man beheads wife). വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഉഷയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അശോകനെ ബേഡകം പൊലീസ് (Police) കസ്റ്റഡിയില്‍ എടുത്തു. ഞായറാഴ്ച അര്‍ധരാത്രിക്ക് ശേഷമാണ് കൊല നടന്നതെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിന് ശേഷം വീടുവിട്ടിറങ്ങിയ അശോകനെ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

ട്രെയിനില്‍ കയറി രക്ഷപ്പെടാനായിരുന്നു അശോകന്‍റെ ശ്രമം എന്നാണ് പൊലീസ് പറയുന്നത്. രാവിലെ അശോകന്‍റെ സുഹൃത്തുക്കള്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് പായയില്‍ പൊതിഞ്ഞ നിലയില്‍ ഉഷയുടെ മൃതദേഹം വീട്ടില്‍ കണ്ടെത്തിയത്. 

ഭാര്യയെപറ്റിയുള്ള സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് പൊലീസ് പറയുന്നത്. അശോകന്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു. ഉഷ ബീഡിതൊഴിലാളിയും, അശോകന്‍ കൂലിപ്പണിക്കാരനുമാണ്. ഏക മകന്‍ വിദേശത്താണ്. അശോകന് മാനസിക പ്രയാസങ്ങള് ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നുണ്ട്.

നായരമ്പലത്തെ വീട്ടമ്മയുടെ ആത്മഹത്യ; അയല്‍വാസി ശല്ല്യപ്പെടുത്തിയതിന് തെളിവ്, അറസ്റ്റ്

കൊച്ചി: എറണാകുളം നായരമ്പലത്ത് സ്വകാര്യ ആശുപത്രി ജീവനക്കാരിയായ സിന്ധുവും (Sindhu) മകനും മരിച്ച സംഭവത്തിൽ അയൽവാസി ദിലീപിനെ (Neighbour Dileep) ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. സിന്ധുവിന്‍റെ ആത്മഹത്യക്ക് ഇടയാക്കിയ സാഹചര്യം ദിലീപിന്‍റെ ശല്ല്യം ചെയ്യലാണെന്ന് പൊലീസ് ഉറപ്പാക്കിയിട്ടുണ്ട്. ദിലീപ് സന്ധ്യയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നെന്നതിന് തെളിവുകൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. പൊള്ളലേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആംബുലൻസിൽ വെച്ച് ദിലീപിന്‍റെ പേര് സിന്ധു പറഞ്ഞതാണ് കേസിൽ നിർണായകമായത്. ദിലീപിനെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം ഞാറക്കൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

ദിലീപിന്‍റെ ശല്ല്യത്തെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച സിന്ധു ഞാറക്കൽ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു. ഇയാള്‍ക്കെതിരെ കേസെടുത്ത് നടപടി സ്വീകരിക്കണം എന്നായിരുന്നു ആവശ്യം. പക്ഷേ ഞാറക്കൽ പൊലീസ് കാര്യമായി ഒന്നും ചെയ്തില്ലെന്ന് സിന്ധുവിന്‍റെ അച്ഛനും അമ്മയും പറയുന്നു. ഇതില്‍ മനംനൊന്താണ് യുവതിയുടെ മരണമെന്നാണ് കുടുംബത്തിന്‍റെ ആരോപണം. സിന്ധുവിനെയും മകൻ അതുലിനെയും ഇന്നലെയാണ് വീട്ടിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സിന്ധു ഉച്ചയ്ക്കും അതുൽ രാത്രിയിലും മരിച്ചു. ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വൈകിട്ടോടെ ബന്ധുക്കൾക്ക് വിട്ടുനൽകും.