ദില്ലി: ടാക്‌സി കൂലിയുടെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ദില്ലിയില്‍ വിദേശപൗരന് ദാരുണാന്ത്യം. കെനിയന്‍ സ്വദേശിയായ ജമാ സെയിദ് ഫറാ (51) ആണ് മരിച്ചത്. 

തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഹൃദ്രോഗിയായ സെയിദ് ചികിത്സയ്ക്ക് വേണ്ടിയാണ് ഇന്ത്യയിലെത്തിയത്. എന്നാല്‍ കൊവിഡ് പ്രതിസന്ധി മൂലം ചികിത്സ നീട്ടിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് തിരിച്ച് സ്വദേശത്തേക്ക് തന്നെ മടങ്ങാന്‍ സെയിദ് തീരുമാനിച്ചു. 

അങ്ങനെ തിങ്കഴാഴ്ച രാത്രി ഇന്ദിരാ ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തി. എന്നാല്‍ വിസ കയ്യിലില്ലാഞ്ഞതിനാലാല്‍ അദ്ദേഹത്തിന്റെ യാത്ര മുടങ്ങി. ഇതോടെ മഹിപാല്‍പൂരിലുള്ള ഹോട്ടലിലേക്ക് തന്നെ തിരിക്കാനായി ടാക്‌സി ബുക്ക് ചെയ്തതായിരുന്നു സെയിദ്. 

ഹോട്ടലിലെത്തിയപ്പോള്‍ ടാക്‌സി ഡ്രൈവര്‍ 600 രൂപ ടാക്‌സി കൂലി ചോദിച്ചെങ്കിലും 100 രൂപ മാത്രമേ സെയിദ് നല്‍കിയുള്ളൂ. ഇതെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് പിന്നീട് കയ്യാങ്കളിയിലെത്തിയത്. ഡ്രൈവര്‍ വീരേന്ദര്‍ സിംഗ്, സുഹൃത്തുക്കളായ ഗോപാല്‍, ദില്‍ബാഗ് എന്നിവര്‍ ചേര്‍ന്ന് സെയിദിനെ ക്രൂരമായി മര്‍ദ്ദിച്ചു. വൈകാതെ തന്നെ അദ്ദേഹം മരിക്കുകയും ചെയ്തു. 

Also Read:- കൊവിഡ് പോസിറ്റീവ് ആയ പ്രതി നഴ്സിനോട് അപമര്യാദയായി പെരുമാറി; പൊലീസ് കേസെടുത്തു...

തുടര്‍ന്ന് മൂവര്‍സംഘം ചേര്‍ന്ന് ഒരു ഹോട്ടലിന് സമീപമായി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് പൊലീസെത്തി സെയിദിന്റെ ഫോണ്‍ പരിശോധിച്ച് ട്രാവല്‍ ഏജന്‍സിയുമായും അദ്ദേഹത്തിന്റെ ബന്ധുക്കളുമായും ബന്ധപ്പെട്ടതോടെയാണ് ടാക്‌സി ഡ്രൈവറെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. മൂവര്‍ക്കെതിരെയും കൊലപാതകക്കുറ്റത്തിനുള്ള കേസെടുത്തിട്ടുണ്ട്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona