യുവതിയുടെ ഒരു കൈ പൂർണമായും മുതല കടിച്ചെടുത്തു. രണ്ടാമത്തെ കൈ ആക്രമണത്തിൽ അറ്റുവീഴാവുന്ന അവസ്ഥയിലാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്

ഫ്ലോറിഡ: നദിയിൽ നീന്തുന്നതിനിടെ മുതല കടിച്ചെടുത്തത് കൈകൾ. എമർജൻസി സേവനത്തിനായി കരഞ്ഞുവിളിച്ച് കാമുകനും ഉറ്റ സുഹൃത്തും. ഒടുവിൽ രക്തം വാർന്ന് 31കാരിക്ക് ദാരുണാന്ത്യം. അമേരിക്കയിലെ ഫ്ലോറിഡയിലാണ് വിനോദയാത്രയ്ക്കിറങ്ങിയ 31കാരി ദാരുണമായി കൊല്ലപ്പെട്ടത്. അമേരിക്കയിൽ ഉഷ്ണ തരംഗം ശക്തമാവുന്നതിനിടെയാണ് 31കാരിയായ ബ്രിട്നി ക്ലാർക്കും കാമുകനും ഉറ്റസുഹൃത്തും ഒർലാൻഡോയ്ക്ക് വടക്കുള്ള സെമിനോൾ കൗണ്ടിയിലെ ഇക്കോൺലോക്ക്‌ഹാച്ചി നദിയിൽ നീന്താനിറങ്ങിയത്. ലിറ്റിൽ ബിഗ് എക്കോ സ്റ്റേറ്റ് ഫോറസ്റ്റിലെ ട്രെക്കിംഗിനിടെ ചൂടിൽ നിന്ന് ആശ്വാസം തേടിയാണ് ഇവർ നദിയിൽ ഇറങ്ങിയത്. വെറും മൂന്ന് അടി മാത്രം താഴ്ചയുള്ള ഭാഗത്തായിരുന്നു ഇവർ നീന്തിക്കൊണ്ടിരുന്നത്. എന്നാൽ അപ്രതീക്ഷിതമായാണ് ഇവർക്ക് നേരെ മുതലയുടെ ആക്രമണം ഉണ്ടായത്. കാമുകനും ഉറ്റസുഹൃത്തും കരയിലേക്ക് നീന്തിയെത്തിയെങ്കിലും ബ്രിട്നി മുതലയുടെ വായിൽ അകപ്പെടുകയായിരുന്നു. ബ്രിട്നിയുടെ കൈകൾ രണ്ടും കടിച്ചെടുത്ത മുതല നദിയിലേക്ക് അതിവേഗം നീങ്ങി. സുഹൃത്ത് 911 ൽ വിളിച്ച് സഹായം തേടുന്നതിനിടെ ബ്രിട്നിയെ കാമുകൻ കരയ്ക്ക് എത്തിച്ചു. എങ്കിലും ഇരു കൈകളും മുതല കടിച്ചെടുത്ത മാരക പരിക്കിൽ നിന്നുണ്ടായ രക്ത സ്രാവം മൂലം ബ്രിട്നി മരണത്തിന് കീഴടങ്ങുകയായിരുന്നു. യുവതിയുടെ കയ്യിൽ നിന്ന് രക്തം നഷ്ടമാകുന്നത് വ്യക്തമാക്കുന്ന 911 കോളിൽ ബ്രിട്നിയുടെ കരച്ചിലും വ്യക്തമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഓർലാൻഡോ സ്വദേശിയായ ബുൾഡോസർ ഓപ്പറേറ്ററാണ് ബ്രിട്നി ക്ലാർക്ക്. നീന്താൻ ഏറെ താൽപര്യമുണ്ടായിരുന്ന ബ്രിട്നിയുടെ ജീവൻ മുതലയുടെ ആക്രമണത്തിൽ നഷ്ടമായതിന്റെ ഞെട്ടലിലാണ് കാമുകനും ഉറ്റ സുഹൃത്തും. രക്ഷാപ്രവർത്തകർ സംഭവ സ്ഥലത്തേക്ക് എത്തി ബ്രിട്നിയെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവതിയുടെ ഒരു കൈ പൂർണമായും മുതല കടിച്ചെടുത്തു. രണ്ടാമത്തെ കൈ ആക്രമണത്തിൽ അറ്റുവീഴാവുന്ന അവസ്ഥയിലാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. സംഭവ സ്ഥലത്തിന് സമീപത്ത് നിന്ന് രണ്ട് മുതലകളെ പിടിച്ചതായി കൌണ്ടി ഷെരീഫ് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ഇതിലൊന്നിന് 13 അടി നീളവും രണ്ടാമത്തേതിന് 12 അടി നീളവുമാണുള്ളത്. ഇവയുടെ ഡിഎൻഎ സാംപിളുകൾ ശേഖരിച്ച് ആക്രമിച്ച മുതലയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് അധികൃതരുള്ളത്. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ ഉണ്ടാവുന്ന മാരകമായ മൂന്നാമത്തെ മുതല ആക്രമണമാണ് ഇത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം