പ്രതി നിരന്തരമായി മാറി മാറി താമസിക്കുന്നത് പൊലീസിന് വെല്ലുവിളിയായിരുന്നു. നാലു ദിവസത്തോളം രാപ്പകലില്ലാതെ  ജോലി ചെയ്തതിനു ശേഷമാണ്  പ്രതിയെ ബെം​ഗളൂരുവിലെ ഉൾഗ്രാമത്തിലെ ആഡംബര ഫ്ലാറ്റിൽ നിന്ന് പിടികൂടിയത്.

കോഴിക്കോട്: കേരളത്തിലേക്കുള്ള ലഹരി വിൽപന സംഘത്തിലെ മുഖ്യകണ്ണിയെ ബെം​ഗളൂരുവിൽനിന്ന് പൊലീസ് പിടികൂടി. കോഴിക്കോട് സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും നല്ലളം പൊലീസുമാണ് പ്രതിയെ പിടികൂടിയത്. കൊളത്തറ കുണ്ടായിത്തോട് വെള്ളിവയൽ മുല്ലവീട്ടിൽ ഷാരൂഖ് ഖാൻ (22) നെയാണ് ജില്ല ഡെപ്യൂട്ടി കമ്മീഷണർ കെ.ഇ. ബൈജുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. 2022 മെയ് ഒന്നിന് തുണിക്കടയിൽ ഒരാൾ എംഡിഎംഎ വിൽക്കുന്നുണ്ടെന്ന് നല്ലളം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് 48.80 ഗ്രാം എംഡിഎംഎയും 16000 രൂപയും കണ്ടെത്തിയത്. എന്നാൽ അന്ന് പ്രതി പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു. എന്നാൽ, ഷാരൂഖിനെക്കുറിച്ച് പൊലീസ് രഹസ്യാന്വേഷണം നടത്തുകയും ഇയാൾ ബെം​ഗളൂരുവിൽ ഒളിവിൽ കഴിയുകയാണെന്ന വിവരം ലഭിച്ചു. 

തുടർന്ന് ഈ മാസം നല്ലളം ഇൻസ്പെക്ടർ കെ.എ. ബോസിൻ്റെ നേതൃത്വത്തിൽ അന്വേഷണ സംഘം ബെം​ഗളൂരിലേക്ക് തിരിച്ചു. കർണാടക രജിസ്ട്രേഷൻ വാഹനം വാടകക്കെടുത്തായിരുന്നു അന്വേഷണം. ഷാരൂഖിനെ പിടികൂടുന്നതിനായി കർണാടക സ്ക്വാഡിൻ്റെ സഹായവും തേടി. പ്രതി നിരന്തരമായി മാറി മാറി താമസിക്കുന്നത് പൊലീസിന് വെല്ലുവിളിയായിരുന്നു. നാലു ദിവസത്തോളം രാപ്പകലില്ലാതെ ജോലി ചെയ്തതിനു ശേഷമാണ് പ്രതിയെ ബെം​ഗളൂരുവിലെ ഉൾഗ്രാമത്തിലെ ആഡംബര ഫ്ലാറ്റിൽ നിന്ന് പിടികൂടിയത്. 11ാം നിലയിലായിരുന്നു ഇയാളുടെ അപ്പാർട്ട്മെന്റ്. ദേഹപരിശോധന നടത്തിയതിൽ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച 3.5 ഗ്രാമോളം എംഡിഎംഎ യും കണ്ടെടുത്തു. 

വിശദമായി ചോദ്യം ചെയ്തതിൽ നിന്നും കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് എംഡിഎംഎ എത്തിക്കുന്ന ശൃംഖലയുടെ വിവരം ലഭിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള രാസലഹരിക്ക് അടിമകളായ നിരവധി യുവതികൾ ഇയാളുടെ താമസസ്ഥലത്തെ നിത്യസന്ദർശകരായിരുന്നു. കർണാടകയിൽ ഇയാളെ ലഹരി മരുന്നുമായി പിടികൂടിയെങ്കിലും കേസ് ഒതുക്കി തീർത്തു. ആഡംബര ജീവിതമാണ് പ്രതി നയിച്ചത്. പ്രീമിയം ഇനത്തിൽപ്പെട്ട വസ്ത്രവും മറ്റ് വസ്തുക്കളുമാണ് ഉപയോഗിച്ചിരുന്നത്. അഞ്ച് ലക്ഷത്തോളം രൂപ വരുന്ന ബി.എം.ഡബ്ല്യു ബൈക്കും കൂടാതെ മറ്റൊരു വിലകൂടിയ ബൈക്കും ഇയാൾ ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതായും അവ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. ഫറോക്ക് എസിപി, സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ് ഇൻസ്പെക്ടർ ഒ. മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, സുമേഷ് ആറോളി, എ.കെ. അർജുൻ, രാകേഷ് ചൈതന്യം, നല്ലളം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ശശിധരൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.പി. സന്തോഷ് കുമാർ എന്നിവരായിരുന്നു അന്വേഷണം നടത്തിയിരുന്നത്.

Read More.... പ്രസവിക്കാൻ എസി മുറി ഏർപ്പാടാക്കിയില്ല, ഭർത്താവിന്റെ വീട്ടുകാരെ പൊതിരെ തല്ലി യുവതിയുടെ വീട്ടുകാർ -വീ‍ഡിയോ