മാതാപിതാക്കാളെ ഡോക്ടറുടെ മുറിയില്‍ നിന്ന് പുറത്തിരുത്തിയ ശേഷം സംസാരിക്കുന്നതിനിടെ ഡോ. ഗിരീഷ് കുട്ടിയെ പല തവണ ചുംബിക്കുകയും സ്വകാര്യ ഭാഗത്ത് സ്പര്‍ശിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. 

തിരുവനന്തപുരം: പതിമൂന്ന് വയസുകാരനെ പീഡിപ്പിച്ച കേസില്‍ മനോരോഗ വിദഗ്ദൻ ഡോ. ഗിരീഷിന് ആറ് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം അതിവേഗ സ്പെഷ്യല്‍ കോടതിയുടേതാണ് വിധി. 2017 ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം. സംസ്ഥാനത്ത് ആദ്യമായാണ് പോക്സോ കേസില്‍ ഒരു ഡോക്ടറെ ശിക്ഷിക്കുന്നത്

പഠനത്തില്‍ ശ്രദ്ധക്കുറവ് ഉണ്ടെന്ന് സ്കൂളില്‍ നിന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് ഡോ. ഗിരീഷിനെ കാണാൻ 13 വയസുകാരനും വീട്ടുകാരും ഇദ്ദേഹത്തിന്‍റെ സ്വകാര്യ ക്ലിനിക്കിലെത്തുന്നത്. മാതാപിതാക്കാളെ ഡോക്ടറുടെ മുറിയില്‍ നിന്ന് പുറത്തിരുത്തിയ ശേഷം സംസാരിക്കുന്നതിനിടെ ഡോ. ഗിരീഷ് കുട്ടിയെ പല തവണ ചുംബിക്കുകയും സ്വകാര്യ ഭാഗത്ത് സ്പര്‍ശിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. വിവരം പുറത്ത് പറയരുതെന്ന് പറഞ്ഞ് കുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ ആരോപിക്കുന്നു. 

ക്ലിനിക്കില്‍ നിന്ന് മടങ്ങിയെത്തിയ കുട്ടി ഭയന്നിരിക്കുന്നത് കണ്ട് വീട്ടുകാര്‍ വിവരം ചോദിച്ചു. അപ്പോഴാണ് പീഡനവിവരം പുറത്ത് അറിയുന്നത്. വീട്ടുകാര്‍ ഉടൻ ചൈല്‍ഡ് ലൈനില്‍ പരാതിപ്പെട്ടു. കേസെടുത്തെങ്കിലും പൊലീസ് തുടർനടപടി വൈകിച്ചത് വിവാദമായിരുന്നു. എഫ്ഐആറിനെതിരെ കോടതിയിൽ സമീപിക്കാൻ ഗിരീഷിന് പൊലീസ് അവസരം നൽകിയെന്നായിരുന്നു ആക്ഷേപം. വിവാദങ്ങൾക്കൊടുവിലായിരുന്നു പൊലീസിൻറെ അറസ്റ്റ്. ഈ കേസിലാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യല്‍ കോടതി ജ‍ഡ്ജി ആര്‍ ജയകൃഷ്ണൻ വിധി പറഞ്ഞത്.

15 സാക്ഷികളും 17 രേഖകളുമാണ് പ്രോസിക്യൂഷൻ കോടതിയില്‍ ഹാജരാക്കിയത്. ഈ കേസിന് പുറമേ ചികിത്സയ്ക്ക് എത്തിയ മറ്റൊരു കുട്ടിയെ ഡോ.ഗിരീഷ് പിഡീപ്പിച്ചെന്ന കേസിലും ഈ മാസം വിചാരണ തുടങ്ങുകയാണ്.ചികിത്സയ്ക്കെത്തിയ വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയും ഇയാള്‍ക്കെതിരെ ഉണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സൈക്കോളജി പ്രൊഫസറായിരുന്നു ഗിരീഷ് ടിവി ചാനലുകളില്‍ ടോക് ഷോ അവതാരകനുമായിരുന്നു