കൊല്ലം കൊട്ടാരക്കര ബിവറേജസിൽ ജീവനക്കാരനെ ബിയർ കുപ്പി കൊണ്ട് തലക്ക് അടിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതികളായ രഞ്ജിത്തും ജിൻസണും പിടിയിൽ.
കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ ബിവറേജസ് ജീവനക്കാരനെ ബിയർ കുപ്പി കൊണ്ട് തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ച പ്രതികൾ അറസ്റ്റില്‍. പുനലൂർ സ്വദേശി രഞ്ജിത്ത്, വെട്ടിക്കവല സ്വദേശി ജിൻസൺ എന്നിവരാണ് അറസ്റ്റിലായത്. ഒളിവിൽ കഴിഞ്ഞ പ്രതികൾകൊട്ടാരക്കര പൊലീസിൽ കീഴടങ്ങുകയായിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കേസിന് ആപ്ദമായ സംഭവം. സുഹൃത്തുക്കളായ രഞ്ജിത്തും ജിൻസണും കൊട്ടാരക്കരയിലെ ബിവറേജസ് ഔട്ട്ലെറ്റില്‍ മദ്യം വാങ്ങാനെത്തി. ഹെൽമറ്റ് ധരിച്ച് ഔട്ട്ലെറ്റിൽ നിന്ന വ്യക്തിയുമായി ഇരുവരും തർക്കത്തിൽ ഏർപ്പെട്ടു. ഹെൽമറ്റ് ധരിച്ച് മദ്യം വാങ്ങുന്നതിനെ ചൊല്ലിയായിരുന്നു തർക്കം.
പ്രശ്നമുണ്ടാക്കരുതെന്ന് ബിവറേജസിലെ ബില്ലിങ് സ്റ്റാഫായ ബേസില്‍ പറഞ്ഞു. തുടര്‍ന്ന് ജിന്‍സണ്‍ മൊബൈല്‍ ക്യാമറയില്‍ ബേസിലിന്‍റെയും ഹെൽമറ്റ് ധരിച്ചയാളുടെയും ദൃശ്യം പകർത്തി. ജീവനക്കാരൻ ഫോൺ തട്ടിത്തെറിപ്പിച്ചതോടെ രഞ്ജിത്ത് ബിയർ കുപ്പി കൊണ്ട് ബേസിലിൻ്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ബിവറേജസിലെ ജീവനക്കാര്‍ ചേര്‍ന്ന് പ്രതികളെ തടഞ്ഞുനിര്‍ത്തി. എന്നാല്‍ ബലം പ്രയോഗിച്ച് ഇരുവരും രക്ഷപ്പെടുകയായിരുന്നു.ബേസിലിന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്തെങ്കിലും പ്രതികള്‍ ഒളിവില്‍ പോയിരുന്നു. തിരച്ചില്‍ നടക്കുന്നതിടെ ഇന്ന് രാവിലെയാണ് പ്രതികള്‍ കീഴടങ്ങിയത്.


