കൂടത്തായി: കൂടത്തായി കൊലപാതകക്കേസിലെ പ്രതികളെ  തെളിവെടുപ്പിനായി പൊന്നാമറ്റം തറവാട്ടിലേക്ക് എത്തിച്ചു. നാലുപേര്‍ക്ക് ജോളി വിഷം നല്‍കിയത് ഈ വീട്ടില്‍വച്ചാണ്. വലിയ ജനക്കൂട്ടമാണ് പൊന്നാമറ്റം തറവാടിനു മുമ്പില്‍ തടിച്ചുകൂടിയത്. ഇവര്‍ കൂക്കിവിളികളോടെയാണ് ജോളിയെ എതിരേറ്റത്. പ്രതിഷേധം കണക്കിലെടുത്ത് പൊലീസ് വന്‍ സുരക്ഷ ഒരുക്കിയിട്ടുണ്ട്. 

ജോളിയെയാണ് പൊലീസ് ആദ്യം ജീപ്പില്‍ നിന്നിറക്കിയത്. ജനം കനത്ത പ്രതിഷേധമാണ് ജോളിക്കുനേരെ നടത്തിയത്. പൊന്നാമറ്റത്തു വച്ചാണ് അന്നമ്മ, ടോം തോമസ്, റോയ് എന്നിവര്‍ മരിച്ചത്. മാത്യു മഞ്ചാടിയിലിന് ജോളി വിഷം നല്‍കിയതും ഇവിടെവച്ചാണ്. ഇവിടെനിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയശേഷമാണ് മാത്യു മരിച്ചത്. ഇതേക്കുറിച്ചൊക്കെയുള്ള തെളിവെടുപ്പാണ് പൊന്നാമറ്റം വീട്ടില്‍ പൊലീസ് നടത്തുക. കൈവശമുണ്ടായിരുന്ന പൊട്ടാസ്യം സയനൈഡ് കുഴിച്ചിട്ടെന്നാണ് ജോളി അന്വേഷണസംഘത്തോട് പറഞ്ഞിരിക്കുന്നത്. ഇത് കണ്ടെത്താനും പൊലീസ് ശ്രമിക്കും.

മാധ്യമങ്ങള്‍ പ്രതികളുടെ പ്രതികരണം എടുക്കുന്നതിന് പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊന്നാമറ്റം വീട്ടിലെ തെളിവെടുപ്പിനു ശേഷം പ്രജുകുമാറിന്‍റെ സ്വര്‍ണക്കടയിലേക്കും എന്‍ഐടിയിലേക്കും തെളിവെടുപ്പിനായി പ്രതികളെ കൊണ്ടുപോകുമെന്നാണ് വിവരം. 

കൂടത്തായി കേസില്‍ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ ഏതറ്റം വരെയും പോകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. രാജ്യത്തെ മികച്ച ഉദ്യോഗസ്‌ഥരുടെ സഹായം തേടിയിട്ടുണ്ട്.  വരും ദിവസങ്ങളിൽ കൂടുതൽ തെളിവുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

കൂടത്തായി കൊലപാതകപരമ്പരയുമായി ബന്ധപ്പെട്ട് രണ്ടാമത്തെ കേസും പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഷാജുവിന്‍റെ മുന്‍ ഭാര്യ സിലിയുടെ മരണത്തിലാണ് രണ്ടാമത്തെ കേസ്. ഗുളികയില്‍ വിഷം പുരട്ടി നല്‍കിയാണ് ജോളി സിലിയെ കൊലപ്പെടുത്തിയതെന്നാണ് എഫ്ഐആറില്‍ പറയുന്നത്.

Read Also: സിലിയെ കൊന്നത് ഗുളികയില്‍ വിഷം പുരട്ടി: കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തു

കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിക്കെതിരെയും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടത്തായിയില്‍ ജോളി കൊലപ്പെടുത്തിയ ആറ് പേരെയും ആദ്യം എത്തിച്ചത് ഈ ആശുപത്രിയിലാണ്. 

Read Also: കൂടത്തായി കൊലപാതകം: ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിക്കെതിരെ അന്വേഷണം