കോട്ടയം: കോട്ടയത്ത് വീട്ടമ്മയെ തലയ്ക്കടിച്ച് കൊന്ന കേസിലെ പ്രതിയായ മുഹമ്മദ് ബിലാൽ ചെറുപ്രായത്തിലും കുറ്റകൃത്യങ്ങൾ ചെയ്തിരുന്ന ആളാണെന്ന് അന്വേഷണസംഘത്തിന് വ്യക്തമായി. ആലപ്പുഴ നഗരത്തിലെ ബന്ധുവീട്ടിലാണ് ബിലാല്‍ തന്‍റെ കുട്ടിക്കാലം ചെലവഴിച്ചത്. പ്രതിയെ കണ്ടെത്തുന്നതിൽ നിർണായക തെളിവായ കാർ ആലപ്പുഴയിൽ നിന്നാണ് കിട്ടിയത്. ഇവിടെ നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് ബിലാലിന്‍റെ കുട്ടിക്കാലത്തെ കുറ്റകൃത്യങ്ങളെപ്പറ്റി പൊലീസിന് വിവരം ലഭിച്ചത്.

ആലപ്പുഴ സക്കറിയ ബസാറിലെ ബന്ധുവീട്ടിൽ നിന്നാണ് ചെറുപ്രായത്തിൽ മുഹമ്മദ് ബിലാൽ വളർന്നത്. പ്രതിയുമായി തെളിവെടുപ്പിന് പൊലീസ് സംഘം ആലപ്പുഴയിൽ എത്തിയത് അറിഞ്ഞ് നിരവധി പേര്‍ സ്ഥലത്ത് തടിച്ച് കൂടിയിരുന്നു. ഇവരിൽ ചിലർ ബിലാലിനെ തിരിച്ചറിഞ്ഞു. അഞ്ച് കൊല്ലം മുൻപ് വരെ ഇയാൾ നഗരത്തിൽ പല ഇടങ്ങളിലായി ജോലി ചെയ്തിരുന്നു. തട്ടുകടകൾ, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങി നിരവധി സ്ഥലങ്ങളിൽ. മോഷണവും അക്രമവും പതിവായതോടെ എല്ലായിടത്ത് നിന്നും പുറത്താക്കി. ബിലാൽ ചെയ്ത കുറ്റകൃത്യങ്ങൾ ഇപ്പോഴും ഓർക്കുണ്ട് ഇവർ.
 
കൊലയ്ക്ക് ശേഷം കൊണ്ടുവന്ന കാർ ഉപേക്ഷിക്കാനുള്ള സ്ഥലം വരെ ഇയാൾ മനസിൽകണ്ടിരുന്നു. ചെറുപ്പത്തിൽ പഠിച്ച മുഹമ്മദിയൻ സ്കൂളിന് സമീപത്തെ വിജനമായ റോഡരികിൽ ഉപേക്ഷിച്ചു. തുടർന്ന് ബസിലും ലോറിയും ഒക്കെ കയറി എറണാകുളത്തേക്ക് രക്ഷപ്പെട്ടു. കൊലപാതകം നടത്തിയ ശേഷം ഉടൻ തന്നെ കാറിൽ പ്രതി രക്ഷപ്പെട്ടെന്ന് വ്യക്തമാക്കുന്നുന്ന രക്തപ്പാടുകൾ ഫൊറൻസിക് സംഘം കണ്ടെടുത്തു. 

Read More: കോട്ടയം കൊലപാതകം; പൊലീസിനോട് പൂർണമായി സഹകരിച്ച് പ്രതി; മാനസികാസ്വാസ്ഥ്യമുണ്ടെന്ന് ബന്ധുക്കൾ  

കാർ ഉപേക്ഷിച്ചതും, കൈയ്യിൽ കരുതിയ സ്വർണ്ണവുമായി എറണാകുളത്തേക്ക് രക്ഷപ്പെട്ടതുമെല്ലാം പൊലീസിനോട് ബിലാൽ തെളിവെടുപ്പിനിടെ തുറന്നുപറഞ്ഞു. അധികം സംസാരിക്കാത്ത പ്രതി, പക്ഷെ തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തതോടെ തുടക്കം മുതൽ എല്ലാം തുറന്നു സമ്മതിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.