വിജയവാഡ: നാടിനെ ഞെട്ടിച്ച കൂടത്തായി കൊലപാതക മോഡലിൽ ആന്ധ്രാപ്രദേശിൽ നടന്ന മറ്റൊരു കൊലപാതക പരമ്പരയുടെ ചുരുളഴിയുന്നു. പണം തട്ടിയെടുക്കുന്നതിനായി ഒരു വർഷത്തിനിടെ പത്ത് പേരെ 'സയനൈഡ് പ്രസാദം' നൽകി കൊന്ന സീരിയൽ കില്ലറെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രാ സ്വദേശി വെള്ളങ്കി സിംഹാദ്രി എന്ന ശിവയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

2018 ഫെബ്രുവരിയ്ക്കും 2019 ഒക്ടോബർ 16നും ഇടയില്‍ കൃഷ്ണ, ഈസ്റ്റ്-വെസ്റ്റ് ഗോദാവരി ജില്ലകളിലാണ് ഇയാൾ കൊലപാതകം നടത്തിയത്. റിയല്‍ എസ്റ്റേറ്റ് മേഖലയിൽ നേരിട്ട സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി തനിക്ക് അമാനുഷിക ശക്തികളുണ്ടെന്ന് സിംഹാദ്രി ആളുകളെ തെറ്റിധരിപ്പിച്ചിരുന്നു. അമൂല്യ രത്നങ്ങളും നിധികളും കണ്ടെത്താമെന്നും സ്വർണ്ണം ഇരട്ടിയാക്കിത്തരുമെന്നും വാ​ഗ്‍ദാനം നൽകിയാണ് സിംഹാദ്രി തന്റെ പക്കൽ വരുന്നവരെ കബളിപ്പിച്ചിരുന്നത്. ഇത്തരത്തിൽ ആളുകളെ പറ്റിച്ച് അവരുടെ കയ്യിൽ നിന്ന് സ്വര്‍ണ്ണവും പണവും തട്ടിയെടുത്ത ശേഷം സയനൈഡ് അടങ്ങിയ പ്രസാദം നൽകി അവരെ കൊല്ലുകയാണ് പതിവ്.

സ്വാഭാവിക മരണമാണെന്ന് തോന്നിക്കുന്നതിനാണ് ആളുകളെ പ്രതി സയനൈഡ് നൽകി കൊന്നതെന്ന് വെസ്റ്റ് ​ഗോദാവരി എസ്‍പി നവ്ദീപ് സിം​ഗ് പറ‍ഞ്ഞു. എന്നാൽ, കഴിഞ്ഞമാസം എളൂരിൽ കെ നാ​ഗരാജു (49) എന്നയാൾ ദുരൂഹസാഹചര്യത്തിൽ മരിച്ചതോടെയാണ് ഞെട്ടിക്കുന്ന കൊലപാതക പരമ്പരയുടെ ചുരുളഴിയുന്നത്. സർക്കാർ സ്കൂളിലെ അധ്യാപകനായ നാ​ഗരാജു സ്വർണ്ണവും പണവും ബാങ്കിൽ നിഷേപിക്കുന്നതിന് വേണ്ടി വീട്ടിൽ നിന്നിറങ്ങിയതായിരുന്നു.

അതിനിടെ നാ​ഗരാജു സിംഹാദ്രിയെ കാണാനായി അയാളുടെ സ്ഥലത്തേക്ക് പോയി. അവിടെവച്ച് ഐശ്വര്യം ഉണ്ടാകുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നാ​ഗരാജുവിന് ഒരു നാണയം സിംഹാദ്രി നൽകി. രണ്ടുലക്ഷം രൂപ കൈപ്പറ്റിയാണ് നാ​ഗരാജുവിനെ സിംഹാദ്രി നാണയം നൽകി പറ്റിച്ചത്. ഇതിന് പിന്നാലെ സയനൈഡ് കലർത്തിയ പ്രസാദവും സിംഹാദ്രി നാ​ഗരാജുവിന് നൽകി.

വീട്ടിലെത്തി പ്രസാദം കഴിച്ചതോടെ നാഗരാജു അബോധാവസ്ഥയിലാകുകയും തുടർന്ന് മരിക്കുകയുമായിരുന്നു. നാ​ഗരാജുവിന്റെ പെട്ടെന്നുള്ള മരണത്തിൽ സംശയം തോന്നിയ കുടുംബം മൃതദേഹം പോസ്റ്റുമോർട്ടം നടത്തി. പോസ്റ്റുമോർട്ടത്തിൽ സയനൈഡ് അകത്ത് ചെന്നാണ് നാ​ഗരാജു മരിച്ചതെന്ന് കണ്ടെത്തി. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും ഒടുവിൽ അന്വേഷണം സിംഹാദ്രിയിൽ ചെന്ന് അവസാനിക്കുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ സിംഹാദ്രി കുറ്റം സമ്മതിച്ചിട്ടുണ്ട്.

നാ​ഗരാജുവിന്റേത് കൊലപാതകമാണെന്ന് തെളിഞ്ഞതോടെ സിംഹാദ്രിയുടെ ഫോണിലുണ്ടായിരുന്നു കോണ്‍ടാക്റ്റുകളിൽ പത്തോളം പേരുടെ കുടുംബാംഗങ്ങൾ അവരുടെ ബന്ധുക്കളുടെ മരണങ്ങളിൽ അസ്വാഭാവികത പ്രകടിപ്പിച്ച് രം​ഗത്തെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മരിച്ചവരെല്ലാവരും സയനൈഡ് പ്രസാദം കഴിച്ചിരുന്നുവെന്ന നി​ഗമനത്തിൽ പൊലീസെത്തി. കൊല്ലപ്പെട്ടവരിൽ സിംഹാദ്രിയുടെ മുത്തശ്ശിയും സ​ഹോദരന്റെ ഭാര്യയും ഉൾപ്പെട്ടിട്ടുണ്ടെന്നും എസ്‍പി പറഞ്ഞു.

സയനൈഡ് ഉള്ളിൽ ചെന്നാണ് മരണം സംഭവിച്ചതെന്ന് തെളിയിക്കുന്നതിനായി അടക്കം ചെയ്തവരുടെ മൃതദേഹങ്ങൾ പുറത്തെടുത്ത്  വീണ്ടും പോസ്റ്റുമോർട്ടം ചെയ്യാൻ പൊലീസ് തീരുമാനിച്ചിരിക്കുകയാണ്. പഴുതുകളടച്ച കേസ് അന്വേഷണമാണ് നടക്കുന്നതെന്നും പ്രതിയുടെ കൊലപാതക പരമ്പര തെളിയിക്കുന്നതിനായി തെളിവുകൾ ശേഖരിക്കുകയാണ് പൊലീസെന്നും എസ്‍പി വ്യക്തമാക്കി. അതേസമയം, പ്രതിക്ക് സയനൈഡ് എത്തിച്ചു നൽകിയ ഷൈഖ് അബ്ദുള്ള എന്നായാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിജയവാഡയിൽ നിക്കൽ കോട്ടിങ് വർക്ക്ഷോപ്പ് നടത്തുകയാണ് അബ്ദുള്ള.

അന്തർദേശീയ തലത്തിൽ ഏറെ ശ്ര​ദ്ധനേടിയ കൊലപാതക പരമ്പരയായിരുന്നു കോഴിക്കോട്ടെ കൂടത്തായി കൊലപാതകം. പതിനാറ് വർഷങ്ങൾക്കിടെ ഒരു കുടുംബത്തിലെ ആറ് പേരാണ് വർഷങ്ങളുടെ ഇടവേളകളിൽ മരിച്ചത്. കേസിൽ കൊല്ലപ്പെട്ട റോയിയുടെ ഭാര്യ ജോളിയാണ് കൊലപാതകങ്ങൾക്ക് പിന്നില്ലെന്ന് പൊലീസ് കണ്ടെത്തി. പൊന്നമറ്റം കുടുംബത്തിലെ ഗൃഹനാഥനായിരുന്ന ടോം തോമസ്, ഭാര്യ അന്നമ്മ, മകൻ റോയി, അന്നമ്മയുടെ സഹോദരൻ മാത്യു മ‍ഞ്ചാടി, ജോളിയുടെ രണ്ടാമത്തെ ഭർത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലി, മകൾ ആൽഫൈൻ എന്നിവരാണ് കൊല്ലപ്പെട്ടത്.

Read Moreകൂടത്തായിയിൽ കുടുംബത്തിലെ ഓരോരുത്തരെയും കൊന്നത് സയനൈഡ് നൽകി, മരുമകൾ കസ്റ്റഡിയിൽ

കേസ് അന്വേഷണത്തിന്റെ തുടക്കം മുതൽ കുടുംബാ​ഗങ്ങൾ എല്ലാവരും സയനൈഡ് അകത്ത് ചെന്നാണ് മരിച്ചതെന്ന നി​ഗമനത്തിലായിരുന്നു പൊലീസ്. ഇത് തെളിയിക്കുന്നതിനായി അടക്കം ചെയ്തവരുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചു. എന്നാൽ, സിലിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ മാത്രമായിരുന്നു കല്ലറ തുറന്ന് പുറത്തെടുക്കാൻ സാധിച്ചത്.

പരിശോധനയിൽ സയനൈഡ് ചെന്നാണ് സിലി മരിച്ചതെന്ന് തെളിഞ്ഞു. ഇതിന് പിന്നാലെ ജോളിയെയും മറ്റ് പ്രതികളായ മാത്യുവിനെയും പ്രജുകുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മാത്യുവും പ്രജുകുമാറുമാണ് ജോളിയ്ക്ക് സനയൈഡ് എത്തിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ അറസ്റ്റിലായ പ്രതികളെ കോഴിക്കോട് ജില്ലാ ജയിലിൽ മാറ്റിയിരിക്കുകയാണ്. 

Read More:കൂടത്തായി കൊലപാതക പരമ്പര: മാത്യു കൊലപാതക കേസിലും ജോളിയെ അറസ്റ്റ് ചെയ്യും