Asianet News MalayalamAsianet News Malayalam

ക്വാറിയിലെ പണമിടപാടിനെ ചൊല്ലി തര്‍ക്കം, അടിപിടിക്ക് പിന്നാലെ കുഴഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം

വ്യാഴാഴ്ച വൈകിട്ടോടെ ആണ് സംഭവം. അച്ഛനമ്പലത്തിലെ ക്വാറിയിൽ പണമിടപാടുമായി ബന്ധപ്പെട്ട സംസാരിക്കാൻ ചെന്നതായിരുന്നു ദിറാർ

man collapsed to death after a verbal dispute and physical assault in malappuram investigation is on etj
Author
First Published Oct 27, 2023, 12:54 PM IST

വേങ്ങര: മലപ്പുറം വേങ്ങര അച്ഛനമ്പലത്ത് ക്വാറിയിൽ ഉണ്ടായ അടിപിടിക്കിടെ ഒരാൾ മരിച്ചു. കണ്ണമംഗലം മേമാട്ടുപാറ സ്വദേശി ദിറാർ കാമ്പ്രനാണ് കുഴഞ്ഞുവീണ് മരിച്ചത്. മരണകാരണം മർദ്ദനം ആണോ എന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷമേ വ്യക്തമാകൂ എന്ന് വേങ്ങര പൊലീസ് അറിയിച്ചു. വ്യാഴാഴ്ച വൈകിട്ടോടെ ആണ് സംഭവം. അച്ഛനമ്പലത്തിലെ ക്വാറിയിൽ പണമിടപാടുമായി ബന്ധപ്പെട്ട സംസാരിക്കാൻ ചെന്നതായിരുന്നു ദിറാർ. സംസാരത്തേ തുടർന്ന് വാക്ക് തർക്കം ഉണ്ടായി എന്നാണ് ലഭ്യമാകുന്ന വിവരം.

ഇതിന് ശേഷം മടങ്ങി പോകും വഴി ദിറാരി നെയും ഒപ്പം ഉണ്ടായിരുന്ന ആളെയും പിന്തുടർന്ന് വന്ന സംഘം തടഞ്ഞുനിർത്തി കയ്യേറ്റം ചെയ്തതെന്നാണ് പൊലീസ് നൽകുന്ന വിവരം. മര്‍ദനമേറ്റ ദിറാർ കണ്ണമംഗലം പെരണ്ടക്കൽ ക്ഷേത്രത്തിന് സമീപം കുഴഞ്ഞുവീഴുകയായിരുന്നു. നാട്ടുകാർ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഹൃദയാഘാതം മൂലമാണ് മരണം എന്ന് നിഗമനം ഉണ്ടെങ്കിലും മാരകമായി മർദ്ദനമേറ്റതാണോ ഹൃദയാഘാതത്തിലേക്ക് നയിച്ചത് എന്ന് വ്യക്തമാവേണ്ടതുണ്ടെന്നാണ് പൊലീസ് ഭാഷ്യം.

പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരു. മലപ്പുറം പെരുവള്ളൂർ സ്വദേശികളാണ് മർദ്ദനത്തിന് പുറകിലെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഇപ്പൊൾ പുറത്ത് വിടാൻ കഴിയില്ലെന്ന് വേങ്ങര പൊലീസ് അറിയിച്ചത്. ദിറാറിന്റെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios