വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. വില്ലേജ് അസിസ്റ്റന്റായി ജോലിചെയ്യുന്ന സഹോദരിയുടെ മുറിയിൽ പുലർച്ചെ മറ്റൊരു യുവാവിനെ കണ്ടതാണ് കൊലപാതകത്തിന് കാരണം. പുലർച്ചെ മൂന്നരയോടെയാണ് ​ഗ്രാമത്തിലെ ഒരു യുവാവിനെ പ്രതി സഹോദരിക്കൊപ്പം കിടപ്പുമുറിയിൽ കണ്ടത്.

ലഖ്നൗ: സഹോദരിയെ കൊലപ്പെടുത്തിയ കേസിൽ സഹോദരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ സഹാറൻപുർ ലഖനോർ ​ഗ്രാമത്തിലെ ആശിഷ് കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സഹോദരിയായ കോമളി(27)നെയാണ് ആശിഷ് കുമാർ ദുപ്പട്ട കൊണ്ട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്നും സംഭവം ദുരഭിമാനക്കൊലയാണെന്നും പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. വില്ലേജ് അസിസ്റ്റന്റായി ജോലിചെയ്യുന്ന സഹോദരിയുടെ മുറിയിൽ പുലർച്ചെ മറ്റൊരു യുവാവിനെ കണ്ടതാണ് കൊലപാതകത്തിന് കാരണം. പുലർച്ചെ മൂന്നരയോടെയാണ് ​ഗ്രാമത്തിലെ ഒരു യുവാവിനെ പ്രതി സഹോദരിക്കൊപ്പം കിടപ്പുമുറിയിൽ കണ്ടത്. ആശിഷിനെ കണ്ടതോടെ യുവാവ് ഇറങ്ങിയോടി. തുടർന്ന് യുവാവ് വീട്ടിൽ വന്നതിനെച്ചൊല്ലി ആശിഷ് സഹോദരിയുമായി വഴക്കിട്ടു. ഇതിനുപിന്നാലെയാണ് സഹോദരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.

സഹോദരിയെ കാണാൻ യുവാവ് വീട്ടിലെത്തിയത് പുറത്തറിഞ്ഞാൽ തനിക്കും കുടുംബത്തിനും നാണക്കേടാകുമെന്ന് കരുതിയാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.