പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞിരുന്നുവെങ്കിലും സജിത്ത് അതിൽനിന്ന് പിൻമാറി. ഇതോടെ യുവതിയുടെ ബന്ധുക്കൾ രാമങ്കരി പൊലീസിൽ പരാതി നൽകുകയായിരുന്നു.
കുട്ടനാട്: വിവാഹവാഗ്ദാനം നൽകി ഇരുപത്തിരണ്ടുകാരിയെ ട്രെയിനിലെ ശുചിമുറിയിൽ വെച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. രാമങ്കരി പഞ്ചായത്തിൽ മിത്രക്കരി മാമ്മൂട്ടിൽ സജിത്തിനെയാണ് (26)രാമങ്കരി എസ് എ ആനന്ദബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്.
സംഭവത്തെ പറ്റി പൊലീസ് പറയുന്നതിങ്ങനെ, നാട്ടകം സർക്കാർ പോളിടെക്നിക്കിലെ വിദ്യാർത്ഥികളായിരിക്കെ പരിചയപ്പെട്ട സജിത്തും പെൺകുട്ടിയും രണ്ട് വർഷം മുമ്പ് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു. എറണാകുളത്തിന് സമീപം എത്തിയപ്പോൾ ട്രെയിനിലെ ശുചിമുറിയിൽ വെച്ച് സജിത്ത് പെൺകുട്ടിയെ പീഡിപ്പിച്ചു. പിന്നീട് പലതവണ ഇത് തുടരുകയും ചെയ്തിരുന്നു.
എന്നാൽ പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞിരുന്നുവെങ്കിലും സജിത്ത് അതിൽനിന്ന് പിൻമാറി. ഇതോടെ യുവതിയുടെ ബന്ധുക്കൾ രാമങ്കരി പൊലീസിൽ പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. റെയിൽവേ പൊലീസിനാണ് തുടർന്നുള്ള അന്വേഷണത്തിന്റെ ചുമതല.
