Asianet News MalayalamAsianet News Malayalam

വെള്ളം ചോദിച്ചെത്തിയ യുവാവ് വൃദ്ധയുടെ മുഖത്തടിച്ച് ശേഷം മാല പൊട്ടിച്ച് കടന്നു

വെള്ളം ചോദിച്ച യുവാവിന് ഇവര്‍ വെള്ളം കൊടുത്തു. അത് കുടിച്ചതിന് പിന്നാലെയാണ് അയാള്‍ മുഖത്തടിച്ച് മാലയും പൊട്ടിച്ച് കടന്നത്

man who asked for water and slapped the old woman on face then broke her necklace and passed
Author
First Published Nov 22, 2022, 11:47 AM IST


തിരുവനന്തപുരം:  കാട്ടാക്കട മാറാനലൂരിൽ ബൈക്കിൽ എത്തിയ യുവാവ് വൃദ്ധയെ മുഖത്തടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച ശേഷം രണ്ട് പവന്‍റെ മാലയും കവർന്ന് കടന്നു. മാറനല്ലൂർ അരുമാളൂർ കണ്ടല മയൂരം വീട്ടിൽ അരുന്ധതി (68) ക്കാണ് പരിക്കേറ്റത്, തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം.  അരുന്ധതിയും മകൾ സുജയുമാണ് അരുമാളൂരിലെ വീട്ടിൽ താമസിക്കുന്നത്. സുജ ജോലിക്ക് പോയിരുന്ന സമയത്താണ് ബൈക്കിലെത്തിയ യുവാവ് കുടിക്കാൻ വെള്ളം ചോദിച്ച് വീട്ടിലെത്തിയത്. 

അരുന്ധതി വെള്ളമെടുത്ത് കൊടുക്കുകയും ചെയ്തു. വെള്ളം കുടിച്ചതിന് ശേഷം ഗ്ലാസ് തിരികെ നൽകുമ്പോഴാണ്‌ ഇയാള്‍ അരുന്ധതിയുടെ മുഖത്തടിച്ചത്. അടിയേറ്റ അരുന്ധതി നിലവിളിക്കാൻ പോലും കഴിയാതെ മുഖം പൊത്തിപ്പിടിച്ചപ്പോൾ കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിച്ചെടുത്ത് ഇയാള്‍ സ്ഥലം വിട്ടു. മുഖമടച്ചുള്ള അടിയുടെ ആഘാതത്തില്‍ മൂക്കിൽക്കൂടി രക്തം വാർന്നൊഴുകിയ അരുന്ധതി പുറത്തിറങ്ങി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. മാറനല്ലൂർ പൊലീസ് അരുന്ധതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ഒന്നര മാസം മുമ്പ്‌ വെള്ളൂർക്കോണത്തിന് സമീപം ബൈക്കിലെത്തിയ യുവാക്കൾ പെട്ടിക്കട നടത്തുന്ന വയോധികയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ സംഭവവും ഉണ്ടായിരുന്നു. 

ഇതിനിടെ തിരുവനന്തപുരത്ത് അച്ഛന്‍ ഓടിച്ച ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട് വയസ്സുകാരന്‍ മരിച്ചു. കാട്ടാക്കട കോട്ടൂര്‍ മുണ്ടണിനട മുംതാസ് മന്‍സിലില്‍ മുജീബ് റഹീന ദമ്പതികളുടെ മകന്‍ മുഹമ്മദ് അമാനാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പേരൂര്‍ക്കട വഴയിലയിലായിരുന്നു അപകടം. കുടുംബസമേതം ഭാര്യ റഹീന, മുജീബിന്‍റെ അമ്മ എന്നിവരുമായി മുജീബ് ഓട്ടോറിക്ഷയിൽ പട്ടത്തെ ബന്ധുവീട്ടില്‍ പോയി മടങ്ങുമ്പോഴാണ് അപകടം. പേരൂർക്കട വഴയില തുരുത്തുംമൂലയില്‍ വെച്ച് ഓട്ടോയുടെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ മുഹമ്മദ് അമാനെ പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. പേരൂര്‍ക്കട പൊലീസ് കേസെടുത്തു.

കൂടുതല്‍ വായനയ്ക്ക്:   പദ്ധതിയുടെ പേര് 'റീ ബില്‍ഡ് കേരള'; പദ്ധതിക്കായി കലിങ്ക് പൊളിച്ചിട്ട് അഞ്ച് മാസം, ഇനിയെന്ന് എന്ന് നാട്ടുകാര്‍!


 

 

Follow Us:
Download App:
  • android
  • ios