ബെംഗളൂരു: ഫേസ്ബുക്കിൽ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റിട്ടതിന്റെ പ്രതികാരമായി യുവാവും കൂട്ടുകാരും ചേർന്ന് 25 കാരനെ കൊലപ്പെടുത്തി. ബെംഗളൂരു നാഗരഭാവി സ്വദേശിയായ ലോകേഷ് ഏലിയാസ് ലോകിയാണ് കൊല്ലപ്പെട്ടത്. ജനുവരി 22നായിരുന്നു സംഭവം.

സംഭവത്തിലെ മുഖ്യ പ്രതിയായ ഹേമന്ദിന്റെ (25) അമ്മയെ കുറിച്ച് ലോകേഷ് ഫേസ്ബുക്കിൽ അപകീർത്തിപരമായ പോസ്റ്റ് ഇട്ടെന്നാണ് ആരോപണം. തുടർന്ന് തന്റെ സുഹൃത്തുക്കളുമായി ചേർന്ന് ഹേമന്ദ് ചാമരാജ്പേട്ടിലെ ആസാദ് നഗറിൽ വച്ച് ലോകേഷിനെ കൊലപ്പെടുത്തുകയായിരുന്നു. കൊലനടത്തുന്നതിനായി ആഴ്ച്കൾക്കു മുൻപ് തന്നെ നഗരത്തിലെ ഗുണ്ടാസംഘങ്ങളിൽ പ്രധാനിയായ സാഗറുമായി ഹേമന്ദ് കൂട്ടുകൂടുകയായിരുന്നു. ലോകേഷിന്റെ നീക്കങ്ങൾ നിരീക്ഷിച്ച സംഘം സംഭവ ദിവസം ബൈക്കിൽ വരികയായിരുന്ന ലോകേഷിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

Read More: ക്രൈം സീരിയലുകൾ കണ്ട് ത്രില്ലടിച്ചു; നാലാം ക്ലാസുകാരനെ തട്ടിക്കൊണ്ടു പോയ 21കാരൻ അറസ്റ്റില്‍

സംഭവത്തിൽ മുഖ്യ പ്രതി ഹേമന്ദിനെയും സാഗർ(22), പ്രവീൺ (22) ,സന്ദേഷ് (22), തേജസ് (22) , ഉദയ് (19) ,യശ്വന്ത് (21), സാഗർ(19),  രവി (33) എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട ലോകേഷിന്റെ പേരിൽ കെങ്കേരി പൊലീസ് സ്റ്റേഷനിൽ  ക്രിമിനൽ കേസുകളുളളതായും പൊലീസ് പറഞ്ഞു.