സാധാരണ പാൽ ടാങ്കർ പോലെ തോന്നുന്ന വാഹനത്തിൽ നിന്ന് 173 കാർട്ടൺ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും എട്ട് കുപ്പി വിസ്കിയുമായിരുന്നു സൂക്ഷിച്ചിരുന്നത്.

പട്ന: പാൽ ടാങ്കറിലെ രഹസ്യ അറയിൽ വിദേശമദ്യക്കടത്ത്. ഉത്തർ പ്രദേശിൽ നിന്ന് ബിഹാറിലേക്ക് മദ്യം കടത്തിയ രണ്ട് പേർ അറസ്റ്റിൽ. മദ്യ നിരോധിത സംസ്ഥാനത്തേക്ക് പത്ത് ലക്ഷത്തിലേറെ വില വരുന്ന വിദേശ മദ്യമാണ് ഇവ‍ർ കടത്താൻ ശ്രമിച്ചത്. ഗോരഖ്പൂർ വാരണാസി ദേശീയപാതയിൽ നടന്ന പ്രത്യേക പരിശോധനയ്ക്കിടെയാണ് അറസ്റ്റ്.

വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് അറസ്റ്റ്. പുറത്ത് നിന്ന് നോക്കിയാൽ സാധാരണ പാൽ ടാങ്കർ പോലെ തോന്നുന്ന വാഹനത്തിൽ നിന്ന് 173 കാർട്ടൺ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും എട്ട് കുപ്പി വിസ്കിയുമായിരുന്നു സൂക്ഷിച്ചിരുന്നത്. ബിഹാറിന്റെ കിഴക്കൻ മേഖലയോട് ചേർന്ന് കിടക്കുന്ന ഉത്തർ പ്രദേശിലെ ചെറുപട്ടണത്തിലാണ് അറസ്റ്റ് നടന്നത്.

മൗ പൊലീസ് അടുത്തിടെ തടയുന്ന ഏറ്റവും വലിയ മദ്യക്കടത്ത് ശ്രമമാണ് ഇതെന്നാണ് പൊലീസ് വിശദമാക്കിയത്. രഹസ്യ വിവരത്തേ തുട‍ർന്ന് നടത്തിയ പരിശോധനയിലാണ് ടാങ്കറിനുള്ളിലെ രഹസ്യ കംപാർട്ട്മെന്റ് കണ്ടെത്താനായത്. ഗാസിപൂരിൽ നിന്നാണ് മദ്യം ഇവർ ശേഖരിച്ചത്. ബിഹാറിൽ മദ്യ നിരോധനം നില നിൽക്കെയാണ് കള്ളക്കടത്ത്. ഗാസിപൂരിലെ മദ്യ വിൽപന കേന്ദ്രങ്ങളിൽ നിന്നാണ് മദ്യം വാങ്ങിയതെന്ന് ബാർ കോഡ് സ്കാൻ ചെയ്തതിൽ നിന്ന് വ്യക്തമാണ്.

ബിഹാറിലെ ബക്സ‍ർ ജില്ലയിൽ നിന്നുള്ളവരാണ് അറസ്റ്റിലായിട്ടുള്ളത്. ടാങ്ക‍ർ ലോറിയുടെ ഡ്രൈവർ പൊലീസിനെ കണ്ട് ഓടിയതോടെയാണ് വാഹനം പൊലീസിന് പിടിക്കാനായത്. ഇയാൾക്ക് വേണ്ടിയുള്ള തെരച്ചിൽ പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം