കണ്ണൂര്‍: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് ഒരു മാസമാകുന്നതിനിടെ കണ്ണൂരിൽ എക്സൈസ് പിടിച്ചെടുത്ത് നശിപ്പിച്ചത് ചാരായം വാറ്റുന്നതിനായി തയ്യാറാക്കിയ 10,000 ലിറ്ററിലധികം വാഷ്. 10 വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണെന്ന് മനസിലാക്കാതെയാണ് പലരും വാറ്റ് തുടങ്ങുന്നതെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പറഞ്ഞു. 

ലോക്ക് ഡൗണ്‍ തുടങ്ങി ആദ്യ ദിവസങ്ങളിൽ മലയോര മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു ചാരായ വാറ്റ്. എന്നാൽ ഒരു മാസമാകുമ്പോഴേക്കും ഗ്രാമ, നഗര വ്യത്യാസമില്ലാതെ വീടുകളിലും പൊതുസ്ഥലങ്ങളിലും വരെ വാറ്റ് വ്യാപകമായി. ലോക്ക് ഡൗണിന് മുമ്പ് കണ്ണൂരിൽ ഒരു മാസം ശരാശരി പിടിച്ചെടുത്ത് നശിപ്പിപ്പിച്ചിരുന്നത് 1000 ലിറ്ററോളം വാഷ് മാത്രം. എന്നാൽ ലോക്ക് ഡൗണ്‍ തുടങ്ങി ഒരു മാസത്തിനിടെ കണ്ടെത്തി നശിപ്പിച്ചത്‍ 11679 ലിറ്റർ. പത്തിരട്ടിയിലധികം വർധന. 840 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. 73 ലിറ്റർ ചാരായവും പിടിച്ചെടുത്തു.

Read more: വാറ്റ് ചാരായത്തില്‍ ഹാൻഡ് സാനിറ്റൈസർ ചേർത്ത് കുടിച്ച യുവതിയും സഹോദരനും മരിച്ചു

മൂന്ന് സ്ത്രീകളുൾപ്പെടെ പതിനാല് പേരെ മാത്രമാണ് ഇതുവരെ പിടികൂടാനായത്. ബാക്കിയുളളവർ എക്സൈസ് സംഘം എത്തുന്നതിന് മുന്നേ സൂചനകിട്ടി ഓടിരക്ഷപ്പെടുകയായിരുന്നു. ലോക്ക് ഡൗൺ കഴിഞ്ഞാലുടൻ വ്യാപക അന്വേഷണവും അറസ്റ്റുമുണ്ടാകുമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. 

Read more: കോടയും വാറ്റുപകരണങ്ങളുമായി റിട്ടയേഡ് പിഡബ്ല്യൂഡി എന്‍ജിനീയര്‍ അറസ്റ്റില്‍