ചാലപ്പുറത്തെ മൂന്ന് വീടുകള്‍ കുത്തിത്തുറന്ന് പണവും സ്വര്‍ണവും മോഷ്ടിച്ച കേസിലാണ് ഇപ്പോള്‍ പിടിയിലായത്. ഈ മാസം 15,18,21 തിയ്യതികളിലായിരുന്നു മോഷണം.

കോഴിക്കോട്: 150ല്‍ ഏറെ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ അന്തര്‍ജില്ലാ മോഷ്ടാവിനെ പിടികൂടി. മലപ്പുറം കരുവാരക്കുണ്ട് സ്വദേശി ബഷീറിനെയാണ് (ചെമ്മല ബഷീര്‍) അറസ്റ്റ് ചെയ്തത്. കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡും കസബ പൊലീസും ചേര്‍ന്ന് ഷൊര്‍ണ്ണൂരില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്.

കോഴിക്കോട് ടൗണ്‍ പൊലീസ് സ്‌റ്റേഷനിലെ കൊലപാതക കേസ് ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി 150ല്‍ ഏറെ കേസുകള്‍ ഇയാളുടെ പേരിലുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചാലപ്പുറത്തെ മൂന്ന് വീടുകള്‍ കുത്തിത്തുറന്ന് പണവും സ്വര്‍ണവും മോഷ്ടിച്ച കേസിലാണ് ഇപ്പോള്‍ പിടിയിലായത്. ഈ മാസം 15, 18, 21 തിയ്യതികളിലായിരുന്നു മോഷണം. 

സിസിടിവി ദൃശ്യങ്ങളില്‍ ബഷീറിന്റെ സാനിദ്ധ്യം വ്യക്തമായിരുന്നു. ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ അഷ്‌റഫ്, കസബ ഇന്‍സ്‌പെക്ടര്‍ കിരണ്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ബഷീറിനെ റിമാൻഡ് ചെയ്തു.