മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ സഹോദരിയെ പ്രണയിച്ച ദളിത് യുവാവിനെ വെട്ടാനുപയോഗിച്ച വാളുകൾ പ്രതിയുടെ വീടിന് സമീപത്ത് നിന്ന് പൊലീസ് കണ്ടെടുത്തു. പൊലീസിന്‍റെ പിടിയിലായ പ്രതി ബേസിലിനെ മൂവാറ്റുപുഴ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. മൂവാറ്റുപുഴ സ്വദേശി ബേസിൽ എൽദോസിനെ നഗരത്തിലെ ഒഴിഞ്ഞ കെട്ടിടത്തിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ആക്രമണത്തിൽ പരിക്കേറ്റ അഖിൽ ശിവൻ അപകടനില തരണം ചെയ്തു.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മൂവാറ്റുപുഴ ചാലിക്കടവ് പാലത്തിന് സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തിൽ നടത്തിയ പരിശോധനയിലാണ് പൊലീസ് ബേസിൽ എൽദോസിനെ കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ അഖിലിനെ വെട്ടാനുപയോഗിച്ച വാളുകൾ വീടിന് സമീപം ഉപേക്ഷിച്ചെന്ന് ബേസിൽ മൊഴി നൽകി. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ വാളുകൾ പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ ദിവസം വൈകീട്ടാണ് മൂവാറ്റുപുഴ ഹോളിമാഗി പള്ളി സെമിത്തേരിക്ക് മുന്നിലിട്ടാണ് പ്രതി അഖിൽ ശിവനെ വെട്ടിയത്. സുഹൃത്ത് അരുണുമൊത്ത് കടയിലെത്തിയ അഖിലിനെ ബേസിൽ വിളിച്ച് വരുത്തി വെട്ടുകയായിരുന്നു.    

Also Read: സഹോദരിയുടെ കാമുകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; പ്രതി പിടിയിൽ

പരിക്കേറ്റ അഖിലിനെ ഉടൻ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയി. ശസ്ത്രക്രിയക്ക് വിധേയനാക്കിയ അഖിൽ അപകടനില തരണം ചെയ്തു. അഖിലും ബേസിലിന്‍റെ സഹോദരിയും സഹപാഠികളായിരുന്നു. ഇരുവരും പ്രണയത്തിലായതറിഞ്ഞ്  ബേസിൽ നിരവധി തവണ ഭീഷണിപ്പെടുത്തിയിരുന്നെന്ന് അഖിൽ പൊലീസിന് മൊഴി നൽകി. ബേസിൽ സഞ്ചരിച്ച ബൈക്കോടിച്ചിരുന്ന മൂവാറ്റുപുഴ കറുകടം സ്വദേശിയായ പതിനേഴുകാരനെ നേരത്തെ പിടികൂടിയിരുന്നു.