ഞായറാഴ്ച 11 മണിയോടെ കടയുടെ ഭാഗത്തേക്ക് പോയ ആൾ 20 മിനിറ്റിനുളളിൽ തിരിച്ചു വന്ന ദൃശ്യങ്ങളാണ് പൊലീസ് ലഭിച്ചത്. തിരിച്ചെത്തിയപ്പോൾ ഇയാളുടെ കൈയിൽ മുറിവുണ്ടായിരുന്നു എന്നാണ് സാക്ഷി മൊഴി.
തിരുവനന്തപുരം: തിരുവനന്തപുരം അമ്പലമുക്കിൽ അലങ്കാരച്ചെടി വിൽപ്പനക്കടയിലെ ജീവനക്കാരിയെ കൊലപ്പെടുത്തിയെന്ന് (Murder) സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. സംഭവ സ്ഥലത്തിന് സമീപമുള്ള സിസിടിവി ദൃശ്യമാണ് പൊലീസിന് കിട്ടിയത്. ദൃശ്യത്തിൻ്റെ അടിസ്ഥാനത്തിൽ പ്രതിയുടെ രേഖാ ചിത്രം തയ്യാറാക്കുകയാണ് പൊലീസ്.
ഞായറാഴ്ച ഉച്ചയോടെയാണ് അമ്പലമുക്കിൽ അലങ്കാര ചെടിക്കടക്കുള്ളിൽ വിനീത വിജയൻ്റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. സ്വർണമാലയും കാണാനില്ലായിരുന്നു. അന്വേഷണത്തിൻ്റെ ആദ്യഘട്ടത്തിലൊന്നും പൊലീസിന് പ്രതിയെ കുറിച്ച് വ്യക്തമായ ഒരു സൂചനയും ലഭിച്ചില്ല. സ്ഥാപനത്തിന് തൊട്ടുമുന്നിലുള്ള വീട്ടിലെ സിസിടി പ്രവർത്തിക്കുന്നില്ലെന്നാണ് വീട്ടുകാർ പൊലീസിനെ അറിയിച്ചത്. ഞായറാഴ്ച ലോക്ഡൗണിന് സമാനമായി നിയന്ത്രണം ആയതിനാൽ കടയിലേക്ക് വന്നയാളെ നാട്ടുകാരും കണ്ടിരുന്നില്ല. ഇന്നലെ വൈകുന്നേരത്തോടെയാണ് സുപ്രധാന സൂചന പൊലീസിന് ലഭിക്കുന്നത്.
കടയ്ക്ക് സമീപമുള്ള ഒരു സ്ഥാപനത്തിലെ സിസിടിവിയിലാണ് പ്രതിയെന്ന സംശയക്കുന്നയാളിന്‍റെ ദൃശ്യങ്ങള്‍ ലഭിച്ചത്. ഞായറാഴ്ച 11 മണിയോടെ തലയിൽ സ്കാർഫ് ധരിച്ച ഒരാള്‍ ചെടിക്കടയിലേക്ക് പോകുന്നുണ്ട്. 11.30 മണിയോടെ തിരിച്ചെത്തുന്ന ഇയാള്‍ ഒരു ഓട്ടോയിൽ കയറി പോകുന്നു. മെഡിക്കൽ കോളിലേക്കെന്നു പറഞ്ഞ ഓട്ടോയിൽ കയറിയ അയാള്‍ മുട്ടടയെത്തിയപ്പോള്‍ പുറത്തിറങ്ങി. ഇയാളുടെ കൈയിൽ മുറിവുണ്ടായിരുന്നുവെന്നാണ് ഓട്ടോ ഡ്രൈവറുടെ മൊഴി.
മറ്റ് ചില നിർണായക സാക്ഷിമൊഴികളും പൊലീസിന് ലഭിച്ചിട്ടുണ്ട്. സ്വർണ മാല മോഷ്ടിച്ച ശേഷം ഇയാള്‍ കടന്നു കടന്നു കളഞ്ഞുവെന്നാണ് പൊലീസ് സംശയം. കടയിലുണ്ടായിരുന്ന പണം മോഷണം പോയിട്ടില്ല. സമീപത്തെ വീടുകളിലുള്ളവർ വിനീതയുടെ നിലവിളിയൊന്നും കേട്ടിട്ടില്ല. വിനീതക്ക് പരിചയമുള്ള ആളാണോ കൊലപതാകിയെന്നും സംശയിക്കുന്നുണ്ട്. സാക്ഷി മൊഴികളുടെയുടം സിസി ടിവി ദൃശ്യങ്ങളുടേയും അടിസ്ഥാനത്തിൽ പ്രതിയുടെ രേഖാചിത്രം തയ്യാറാക്കും. രേഖാചിത്രം പുറത്തുവിടാനാണ് പൊലീസ് തീരുമാനം. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്.
