തോക്ക് തങ്ങൾക്ക് പരമ്പരാഗതമായി കൈമാറിക്കിട്ടിയതാണെന്ന നിലപാടിൽ പ്രതികള്‍ ഉറച്ച് നിന്നതിനാൽ പൊലീസിന് തോക്കിന്‍റെ ഉറവിടം കണ്ടെത്താനായില്ല.

ഇടുക്കി: ഇടുക്കി മാവടിയിൽ വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്നയാളെ വെടിവെച്ചു കൊന്ന കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യൽ പൂർത്തിയാക്കി. വെടിവച്ച തോക്ക് തങ്ങൾക്ക് പരമ്പരാഗതമായി കൈമാറിക്കിട്ടിയതാണെന്ന നിലപാടിൽ പ്രതികള്‍ ഉറച്ച് നിന്നതിനാൽ പൊലീസിന് തോക്കിന്‍റെ ഉറവിടം കണ്ടെത്താനായില്ല.

മാവടിയിലെ വീട്ടിൽ കിടന്നുറങ്ങിയിരുന്ന പ്ലാക്കൽ സണ്ണിയെയാണ് മൂവർ സംഘം വെടിവച്ച് കൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് മാവടി സ്വദേശി തകിടിയിൽ സജി, മുകളേൽ പറമ്പിൽ ബിനു, മുനിയറ സ്വദേശി കല്ലിടുക്കിൽ വിനീഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് നേരത്തെ പൂർത്തിയാക്കിയിരുന്നു. ഗൂഢാലോചന സംബന്ധിച്ച മഹസ്സർ തയ്യാറാക്കുന്നതിനും തോക്ക് എവിടെ നിന്നും വാങ്ങിയതാണെന്നും കണ്ടെത്താനാണ് പൊലീസ് മൂന്ന് പേരെയും കസ്റ്റഡിയിൽ വാങ്ങിയത്. ചെറുപ്പത്തിൽ തന്നെ തനിക്ക് തോക്ക് പരമ്പരാഗതമായി കൈമാറിക്കിട്ടിയതാണന്ന മൊഴിയിൽ സജി ഉറച്ചു നിന്നു. വിനീഷിൻ്റെ കൈവശമുണ്ടായിരുന്ന തോട്ടക്കുഴൽ തോക്ക് അച്ഛൻ മരിച്ചപ്പോൾ കിട്ടിയതാണെന്നാണ് പറഞ്ഞത്. അതിനാൽ തോക്കുകളുണ്ടാക്കിയതാരെന്ന കാര്യത്തിൽ തെളുവുണ്ടാക്കാൻ പൊലീസിന് കഴിഞ്ഞില്ലെന്നാണ് സൂചന. 

അതേസമയം, നിലവിൽ ആരെങ്കിലും ഇത്തരത്തിൽ നാടൻ തോക്കുണ്ടാക്കുന്നുണ്ടോയെന്ന് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സണ്ണിയെ കൊലപ്പെടുത്താൻ ബിനുവിൻ്റെ വീട്ടിൽ നടന്ന ഗൂഡാലോചയുടെ തെളിവ് ശേഖരിക്കുകയും മഹസ്സർ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. 15 ന് രാത്രി ഓൻപതരക്ക് ബിനുവിൻ്റെ വീട്ടിൽ വച്ച് ഗൂഡാലോചന നടത്തിയ ശേഷം സണ്ണിയുടെ വീടിൻ്റെ സമീപമെത്തി അടുക്കള ഭാഗത്തെ വാതിൽ ഉന്നമിട്ട് വെടി വയ്ക്കുകയായിരുന്നു. കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടർന്ന് മൂവരെയും പീരുമേട് ജയിലിലാക്കി. സജിയുടെ സഹായത്തോടെ ബിനു നടത്തിയിരുന്ന ചാരായ വാറ്റ് സംബന്ധിച്ച വിവരം എക്സൈസിനു കൈമാറിയത് സണ്ണിയാണെന്നാണ് ഇവർ കരുതുന്നത്. ഇതാണ് കൊലപാതകത്തിന് കാരണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്