ലാബിന്റെ മാനേജരുടെ പരിചയക്കാരനെന്ന് പറഞ്ഞാണ് ഇയാള്‍ ജീവനക്കാരിയോട് സംസാരിച്ചത്. തുടര്‍ന്ന് മാനേജരോട് സംസാരിക്കുകയാണെന്ന വ്യാജേന ഫോണുമായി ജീവനക്കാരിയ്ക്ക് മുന്നില്‍ നടന്ന് അഭിനയമായി. 

കൊല്ലം: കരുനാഗപ്പള്ളിയിലെ (Karunagappally) സ്വകാര്യ ലാബില്‍ (Private lab) നിന്ന് നാടകീയ മോഷണം. ലാബ് മാനേജരുടെ സുഹൃത്ത് എന്ന് പരിചയപ്പെടുത്തി എത്തിയ ആളാണ് എണ്ണായിരത്തിയഞ്ഞൂറ് രൂപ തന്ത്രപൂര്‍വം തട്ടിയെടുത്തത്. ഇന്നലെ വൈകുന്നേരം നടന്ന മോഷണത്തിലെ പ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങി.

ഇന്നലെ വൈകിട്ട് മൂന്നു മണിക്ക് കരുനാഗപ്പള്ളിയിലെ നീതി ലാബില്‍ വെള്ള ഷര്‍ട്ടിട്ടാണ് മോഷ്ടാവ് എത്തിയത്. ഒരു ജീവനക്കാരി മാത്രമായിരുന്നു ഈ സമയം ലാബില്‍. ലാബിന്റെ മാനേജരുടെ പരിചയക്കാരനെന്ന് പറഞ്ഞാണ് ഇയാള്‍ ജീവനക്കാരിയോട് സംസാരിച്ചത്. തുടര്‍ന്ന് മാനേജരോട് സംസാരിക്കുകയാണെന്ന വ്യാജേന ഫോണുമായി ജീവനക്കാരിയ്ക്ക് മുന്നില്‍ നടന്ന് അഭിനയമായി. 

ഒടുവില്‍ 8500 രൂപ തനിക്ക് നല്‍കാന്‍ മാനേജര്‍ പറഞ്ഞെന്ന് ജീവനക്കാരിയെ തെറ്റിദ്ധരിപ്പിച്ചു. ഫോണ്‍ സംഭാഷണം സത്യമെന്ന് കരുതിയ ജീവനക്കാരിയാവട്ടെ മേശവലിപ്പിലുണ്ടായിരുന്ന പണം കള്ളന് കൈമാറുകയും ചെയ്തു. പണം വാങ്ങിയ കള്ളന്‍ കടയ്ക്ക് പുറത്തിറങ്ങി ഒറ്റ ഓട്ടവും വച്ചു കൊടുത്തു. പിന്നീട് മാനേജര്‍ വന്നപ്പോഴാണ് ജീവനക്കാരി അമളി മനസിലാക്കിയതും സിസിടിവി ദൃശ്യങ്ങളുമായി പൊലീസിനെ സമീപിച്ചതും.