സോനു എന്നായിരുന്നു നായയ്ക്ക് നീതാബെൻ ഇട്ടിരുന്ന പേര്. എന്നാൽ യാദൃശ്ചികവശാൽ ഇവരുടെ അയൽവാസിയായ ഒരാളുടെ ഭാര്യയുടെ പേര് സോനു എന്നായിരുന്നു.
അഹമ്മദാബാദ്: ഗുജറാത്തിലെ ഭാവ്നഗറിലെ ഒരു ഗ്രാമത്തിൽ സ്ത്രീയെ അയൽവാസികൾ ചേർന്ന് തീകൊളുത്തി. നീതാബെൻ സർവ്വയ്യ തന്റെ വളർത്തുനായയ്ക്ക് നൽകിയ പേരിൽ പ്രകോപിതരായാണ് നാട്ടുകാർ ചേർന്ന് ഇവരെ തീക്കൊളുത്തിയതെന്നതാണ് വിചിത്രം. സോനു എന്നായിരുന്നു നായയ്ക്ക് നീതാബെൻ ഇട്ടിരുന്ന പേര്. എന്നാൽ യാദൃശ്ചികവശാൽ ഇവരുടെ അയൽവാസിയായ ഒരാളുടെ ഭാര്യയുടെ പേര് സോനു എന്നായിരുന്നു.
അതീവ ഗുരുതരമായി പൊള്ളലേറ്റ നീതാബെൻ ഇപ്പോൾ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. നീതാബെന്നിന്റെ ഭർത്താവും രണ്ട് മക്കളും പുറത്തുപോയ സമയത്താണ് അയൽവാസിയായ സുരഭായ് ബർവാദും മറ്റ് അഞ്ച് പേരും വീട്ടിലേക്ക് വരുന്നത്. ഈ സമയം നീതാബെന്നും ഇളയമകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
തന്റെ ഭാര്യയുടെ ചെല്ലപ്പേര് നായയ്ക്ക് ഇട്ടതിനെ ചൊല്ലി സുരാഭായ് നീതാബെന്നിനെ ചീത്ത വിളിച്ചു. എന്നാൽ ഇവരുമായി സംസാരിക്കാതെ താൻ അകത്തെ അടുക്കളയിലേക്ക് പോയതോടെ പിന്നാലെ എത്തിയ മൂന്ന് പേർ തന്റെ മേൽ മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തുകയായിരുന്നുവെന്ന് നീതാബെൻ മൊഴിനൽകിയതായി പൊലീസ് വ്യക്തമാക്കി.
സ്ത്രീ നിലവിളിച്ചതോടെ നാട്ടുകാർ ഓടിയെത്തി, അപ്പോഴേക്കും സംഭവ സ്ഥലത്തെത്തി. തുടർന്ന് ഭർത്താവിന്റെ കോട്ട് ഉപയോഗിച്ച് തീ കെടുത്തി. കൊലപാതകശ്രമം, അതിക്രമിച്ച് കടക്കൽ, അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
